...
Home News Kerala കോൺഗ്രസ്–ബിജെപി ‘അവിശുദ്ധ കൂട്ടുകെട്ട്’: കെ.എൻ. ബാലഗോപാലിന്റെ കടുത്ത വിമർശനം

കോൺഗ്രസ്–ബിജെപി ‘അവിശുദ്ധ കൂട്ടുകെട്ട്’: കെ.എൻ. ബാലഗോപാലിന്റെ കടുത്ത വിമർശനം

അരുണാചൽ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയതുപോലെ കോൺഗ്രസിനെ അപ്പാടെ വിലകൊടുത്ത് വാങ്ങുന്ന തന്ത്രമാണ് ഇപ്പോൾ കേരളത്തിൽ പരീക്ഷിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

222

കോൺഗ്രസ്–ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമർശനവുമായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. രാജ്യത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാക്കളുടെയും പട്ടിക തയ്യാറാക്കാൻ നിരവധി പേപ്പറുകൾ വേണ്ടിവരുമെന്നു പറഞ്ഞ് മന്ത്രി പരിഹസിച്ചു.

കോൺഗ്രസിനെ പൂർണമായോ ഭാഗികമായോ ‘വിലയ്ക്കെടുത്താണ്’ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വളർന്നതെന്നും, അതേ തന്ത്രമാണ് കേരളത്തിലും ബിജെപി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇന്നത്തെ ബിജെപി നേതാക്കളിൽ ഭൂരിഭാഗവും മുൻ കോൺഗ്രസ് നേതാക്കളാണെന്നും, മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, പി.സി.സി. പ്രസിഡന്റുമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി ആയിരക്കണക്കിന് പ്രമുഖർ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിയുടെ ഭാഗമായതായും ബാലഗോപാൽ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ, മുൻ പി.എസ്.സി. ചെയർമാൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേശീയ–സംസ്ഥാന തലത്തിലെ നിരവധി നേതാക്കന്മാർ എന്നിവരും ഇതിനകം ബിജെപിയിലേക്ക് മാറിയതായി അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയതുപോലെ കോൺഗ്രസിനെ അപ്പാടെ വിലകൊടുത്ത് വാങ്ങുന്ന തന്ത്രമാണ് ഇപ്പോൾ കേരളത്തിൽ പരീക്ഷിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസായി വിജയിച്ച് വരുന്ന ജനപ്രതിനിധികളെ പൂർണമായി വിലയ്ക്കെടുത്ത് ബിജെപിയാക്കി മാറ്റുക എന്നതാണ് അവരുടെ നയമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ സംഭവിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു പഞ്ചായത്തിലെ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും ഒറ്റരാത്രികൊണ്ട് ബിജെപിയായതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.