...
Home News കോൺഗ്രസ് ഇനിയൊരിക്കലും രാജ്യത്ത് ഒരു ബദലല്ല

കോൺഗ്രസ് ഇനിയൊരിക്കലും രാജ്യത്ത് ഒരു ബദലല്ല

ബിജെപിയോട് നേരിട്ട് ഏറ്റു മുട്ടിയ സംസ്ഥാനങ്ങളിലൊക്കെ കോൺഗ്രസ് തോറ്റു. കോൺഗ്രസ് കൈയ്യടക്കി ഭരിച്ചിരുന്ന ഏതാണ്ട് മുഴുവൻ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഇന്ന് ബിജെപി സ്വന്തമാക്കി.

277

| ശ്രീകാന്ത് പികെ

ലോകസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സൽ എന്നോ അതിന് മുന്നേയുള്ള സെമി ഫൈനൽ എന്നോയൊക്കെയായിരുന്നു ഈ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പുകളെ വിശേഷിപ്പിച്ചത്. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടിയ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തോറ്റു. ജയിച്ച സംസ്ഥാനത്തെ തോറ്റ പാർടിയായ ബി.ആർ.എസ് ബിജെപി വിരുദ്ധ INDIA മൂന്നണിയിലുള്ള പാർടിയുമാണ്. ഫലത്തിൽ ബിജെപിക്ക് ചെറു വിരലനക്കം കൊണ്ട് പോലും പ്രയാസമുണ്ടായിട്ടില്ല.

കോൺഗ്രസ് തോറ്റ സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് എടുത്ത് പറയണം. ബിജെപി സർക്കാർ അഴിമതിയും കെടുകാര്യസ്ഥതയും വർഗ്ഗീയതയും സമാ സമം ചേരുവകളാക്കി ഭരണം നടത്തിയിരുന്ന, ഭരണ വിരുദ്ധ വികാരമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു. അവിടെയാണ് സോണിയാ – രാഹുൽ ഗാന്ധിമാരുടെ റൈറ്റ് ഹാന്റായ കമൽ നാഥിന്റെ നേതൃത്വത്തിൽ ബിജെപിയേക്കാൾ വലിയ ഹിന്ദുത്വ അജണ്ടകൾ മുന്നോട്ട് വച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. തോറ്റു തൊപ്പിയിട്ടു എന്നൊക്കെ പറയാവുന്ന തരത്തിൽ തോറ്റു.

രാജസ്ഥാൻ ഛത്തീസ്‌ഗർ, രണ്ടിടത്തും ഭരണം കൈയ്യിലുണ്ടായിരുന്നു. ഇതിൽ രാജസ്ഥാൻ സർക്കാരിന്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ കേരള മോഡൽ വെൽഫെയർ സ്കീമുകളൊക്കെ കൊണ്ടു വന്നു. എന്തിന് ഇവിടെ കിറ്റിനെ പരിഹസിച്ചു നടന്ന കോൺഗ്രസ് രാജസ്ഥാനിൽ കിറ്റ് കൊണ്ട് വന്നു. മുഖ്യമന്ത്രി അശോക് ഘെല്ലോട്ട് തന്നെ കേരള സർക്കാരിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. അവിടെയും തോറ്റു. കിറ്റ് ഭരണം കൊണ്ട് വരില്ലെന്ന് കോൺഗ്രസുകാർക്ക് മനസിലായി കാണുമോ എന്തോ. ഛത്തീസ്‌ഗഡിൽ കോൺഗ്രസ് ഭരണം നില നിർത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്, അവിടെയും തോറ്റു.

തെലങ്കാനയാണ് പ്രവചനങ്ങൾ അനുസരിച്ച് കോൺഗ്രസിന് ഭരണം ലഭിച്ച സംസ്ഥാനം. അവിടെ മത്സരം ബി.ആർ.എസുമായി. എന്നിട്ടും ജയിച്ച കോൺഗ്രസ് എം.എൽ.എമാരെ കാത്ത് റിസോർട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ബസ്സുകൾ പുറപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസുകാരുടെ മനോരമ തന്നെ പറയുന്നു. സൗത്ത് ഇന്ത്യയിൽ കേരളം വിട്ടാൽ കൊള്ളാവുന്ന സർക്കാരുണ്ടായിരുന്ന സംസ്ഥാനമായിരുന്നു തെലങ്കാന. അവിടത്തെ ഭരണം അട്ടിമറിക്കാൻ കൊല്ലങ്ങളായി ബിജെപി ശ്രമിക്കുന്നുമുണ്ട്. ഇനിയിപ്പോൾ ബിജെപിക്ക് പണി എളുപ്പമായി, ഇപ്പോൾ 8 എം.എൽ.എമാർ ബിജെപിയുടേതായി ഉണ്ട് . വരും വർഷങ്ങളിൽ അതിന്റെ എണ്ണമെത്ര വച്ച് കൂടുമെന്നും ഒടുവിൽ സൗത്ത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനം കൂടി ചാണകം പൂശുന്നതും മിക്കവാറും ലൈവായി കാണാൻ സാധിക്കും.

ബിജെപിയോട് നേരിട്ട് ഏറ്റു മുട്ടിയ സംസ്ഥാനങ്ങളിലൊക്കെ കോൺഗ്രസ് തോറ്റു. കോൺഗ്രസ് കൈയ്യടക്കി ഭരിച്ചിരുന്ന ഏതാണ്ട് മുഴുവൻ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഇന്ന് ബിജെപി സ്വന്തമാക്കി. രാഹുൽ എന്നൊരു നേതാവും ഫാക്ടറും ഇന്നും ഉണ്ടെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർക്ക് നല്ല നമസ്കാരം. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കാൻ സാധ്യതയുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല, പക്ഷേ കോൺഗ്രസ് ഇനിയൊരിക്കലും രാജ്യത്ത് ഒരു ബദലല്ല എന്ന് മാത്രമറിയാം. ആജീവനാന്ത ഭാവി പ്രധാന മന്ത്രിക്കായി രാജ്യത്തെ കുരുതി കൊടുക്കാതെ ലോകസഭയിലേക്ക് അടിയുറച്ച ബിജെപി വിരുദ്ധ രാഷ്ട്രീയവും ശബ്ദവും പരമാവധി എത്തിക്കുക എന്നത് മാത്രമാണ് ജനാധിപത്യ – മതനിരപേക്ഷ വിശ്വാസികൾ ആദ്യം സ്വീകരിക്കേണ്ട നടപടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.