...
Home News National ബിജെപിയെ തോൽപ്പിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമല്ല; എസ്.പിക്കെതിരെ തുറന്നടിച്ച് ഇമ്രാൻ മസൂദ്

ബിജെപിയെ തോൽപ്പിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമല്ല; എസ്.പിക്കെതിരെ തുറന്നടിച്ച് ഇമ്രാൻ മസൂദ്

കോൺഗ്രസിന് എത്ര സീറ്റുകൾ ലഭിക്കുമെന്നതുമാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്

393

ലഖ്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന തർക്കം പരസ്യ പോരിലേക്ക്. ബിജെപിയെ പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമായി ചുമത്താനാകില്ലെന്നും സഖ്യത്തിൽ കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. വിജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്നും സീറ്റ് വിഭജനത്തിൽ ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യത്തിന്റെ പേരിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമർശനവും മസൂദ് ഉയർത്തി. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണം. അതിന്റെ പേരിൽ എല്ലാ വിട്ടുവീഴ്ചകളും കോൺഗ്രസ് മാത്രം ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങളോട് പ്രതികരിക്കവെയാണ് മസൂദ് നിലപാട് വ്യക്തമാക്കിയത്. തന്റെ പ്രവർത്തനങ്ങളെ ഖാർഗെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും അതിൽനിന്ന് പിന്നോട്ടില്ലെന്നും മസൂദ് കൂട്ടിച്ചേർത്തു.

‘പ്രസ്താവനകളല്ല, കൂട്ടായ പ്രവർത്തനമാണ് വേണ്ടത്’

വ്യാഴാഴ്ച ലഖ്‌നൗവിൽ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ‘സംവിധാൻ രക്ഷ’ മാർച്ചിൽ സംസാരിക്കവെയാണ് ഖാർഗെ ഇമ്രാൻ മസൂദിനെ പരാമർശിച്ചത്. പാർലമെന്റിലും ടെലിവിഷൻ ചർച്ചകളിലും പാർട്ടിയുടെ നിലപാടുകൾ ശക്തമായി അവതരിപ്പിക്കുന്ന നേതാവാണ് മസൂദെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പരസ്യ പ്രസ്താവനകളേക്കാൾ കൂട്ടായ പ്രവർത്തനത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും ഖാർഗെ ഓർമിപ്പിച്ചു.

ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വിശദീകരിച്ച് മസൂദ് രംഗത്തെത്തിയത്. പാർട്ടിയുടെ വളർച്ചയ്ക്കും താൽപ്പര്യങ്ങൾക്കും വേണ്ടിയാണ് താൻ പോരാടുന്നതെന്നും തന്റെ ആവശ്യങ്ങളെ വ്യക്തിപരമായ തർക്കമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിജയസാധ്യതയുള്ള സീറ്റുകൾ വേണം

സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകളിലാണ് മസൂദിന്റെ പ്രധാന എതിർപ്പ്. മത്സരിക്കാൻ മാത്രമല്ല, വിജയിക്കാനും കഴിയുന്ന മണ്ഡലങ്ങളാണ് കോൺഗ്രസിന് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ എണ്ണത്തിനൊപ്പം വിജയസാധ്യതയും പരിഗണിക്കണം. സഖ്യകക്ഷിയെ ദുർബലപ്പെടുത്തുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

‘നിങ്ങൾക്ക് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാം. അതിൽ ഞങ്ങൾക്ക് തർക്കമില്ല. എന്നാൽ സഖ്യകക്ഷിയെ ചെറുതാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ബിജെപിയെ തോൽപ്പിക്കേണ്ട ഉത്തരവാദിത്തം എന്റെ ചുമലിൽ മാത്രം ആണോ? അതിന് നിങ്ങളും ഉത്തരവാദികളല്ലേ?’ എന്നായിരുന്നു മസൂദിന്റെ ചോദ്യം.

കോൺഗ്രസിന്റെ സംഭാവനയെ കുറച്ചുകാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് 37 സീറ്റുകൾ നേടാനായത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഇടപെടലും സഹായകമായതുകൊണ്ടാണെന്ന് മസൂദ് അവകാശപ്പെട്ടു. സഖ്യത്തിൽ ഇരു പാർട്ടികളും പരസ്പരം നൽകിയ സംഭാവനകൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

26 സീറ്റുകളുടെ വാഗ്ദാനത്തിൽ അതൃപ്തി

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസിന് 26 സീറ്റുകൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സഹാറൻപൂർ, ഷാംലി, അമ്രോഹ, ലളിത്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകളും തർക്കം ശക്തമാക്കി.

എന്നാൽ 26 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഏകപക്ഷീയമായി സീറ്റുകൾ നിശ്ചയിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും മസൂദ് വ്യക്തമാക്കി. കോൺഗ്രസ് യാതൊരു ആവശ്യവുമില്ലാതെ സഖ്യത്തിന് മുന്നിൽ നിൽക്കുന്ന പാർട്ടിയല്ലെന്നും അർഹമായ പരിഗണന ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ നിങ്ങളോട് 26 സീറ്റുകൾ പോലും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ യാചകരല്ല. സഖ്യകക്ഷികളായി ഒരുമിച്ച് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ പങ്ക് നിർണായകമാണ്’ എന്നും മസൂദ് പറഞ്ഞു.

സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള പരസ്യ പ്രതികരണങ്ങൾ ഇരു പാർട്ടികൾക്കുമിടയിലെ അസ്വാരസ്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യചർച്ചകൾ ഏത് ദിശയിലേക്ക് നീങ്ങുമെന്നതും കോൺഗ്രസിന് എത്ര സീറ്റുകൾ ലഭിക്കുമെന്നതുമാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.