തെക്കൻ കേരളത്തിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിന് സാക്ഷിയാകുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 42 മണ്ഡലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ നേർക്കുനേർ ഏറ്റുമുട്ടുന്നു. ഭരണതുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനെയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫിനെയും വെല്ലുവിളിച്ച് എൻഡിഎയും ശക്തമായി രംഗത്തുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചില നിർണായക മണ്ഡലങ്ങളിലേക്കൊരു യാത്ര :
തിരുവനന്തപുരം ജില്ല (14 മണ്ഡലങ്ങൾ)
നേമം: സംസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ നേമത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്നു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടി എൽഡിഎഫിനായി വീണ്ടും രംഗത്തുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർത്ഥിയാണ്. കോൺഗ്രസ് യുവ നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥൻ യുഡിഎഫിനായി മത്സരിക്കുന്നതോടെ മത്സരം പ്രവചനാതീതമായി മാറിയിട്ടുണ്ട്.
2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപി കേരളത്തിൽ ആദ്യ വിജയം നേടിയ മണ്ഡലമാണ് നേമം. 2021-ൽ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചതിന് പിന്നാലെ ഇത്തവണ അത് വീണ്ടെടുക്കാൻ ബിജെപി ശക്തമായ നീക്കമാണ് നടത്തുന്നത്. വികസന പ്രവർത്തനങ്ങളും മതനിരപേക്ഷ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് വി. ശിവൻകുട്ടി വോട്ട് തേടുന്നത്. യുവത്വവും ശശി തരൂർ എംപിയുടെ സ്വാധീനവും മുൻനിർത്തി മണ്ഡലം പിടിക്കാൻ യുഡിഎഫും ശ്രമിക്കുന്നു.
വട്ടിയൂർക്കാവ്: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തിന് തുടർച്ച തേടി വി.കെ. പ്രശാന്ത് എൽഡിഎഫിനായി വീണ്ടും മത്സരിക്കുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും എൻഡിഎയും ശക്തമായ പോരാട്ടമാണ് നടത്തുന്നത്. മണ്ഡലം ഒരു ‘ഹോട്ട് സീറ്റ്’ ആയി മാറിയിരിക്കുകയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ യുഡിഎഫിനായി രംഗത്തെത്തിയതോടെ മത്സരം കൂടുതൽ ശക്തമായി. മുൻ ഡിജിപിയായ ആർ. ശ്രീലേഖ എൻഡിഎ സ്ഥാനാർത്ഥിയായെത്തിയതും ശ്രദ്ധേയമാണ്. 2019 ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ വി.കെ. പ്രശാന്ത് വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വീണ്ടും ജനവിധി തേടുന്നത്.
കഴക്കൂട്ടം: ഐടി ഹബ് ആയ ടെക്നോപാർക്കും തീരദേശ മേഖലയും ഉൾപ്പെടുന്ന കഴക്കൂട്ടത്ത് തീപാറുന്ന ത്രികോണ പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ എൽഡിഎഫിനായി ഹാട്രിക് ലക്ഷ്യമിട്ട് രംഗത്തുണ്ട്.
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ എൻഡിഎ സ്ഥാനാർത്ഥിയായതോടെ മത്സരം കടുപ്പമായി. യുഡിഎഫിനായി ഡി.സി.സി മുൻ പ്രസിഡൻ്റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് മത്സരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനവും ഇൻഫ്രാസ്ട്രക്ചർ പദ്ധതികളും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. ബിജെപി കേന്ദ്ര പദ്ധതികളും ശബരിമല വിഷയവും പ്രചാരണായുധമാക്കുമ്പോൾ, ന്യൂനപക്ഷ വോട്ടുകളും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.



