Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ഗാന്ധി കുടുംബത്തിന് എതിരായ വിവാദ പരാമർശം’; കങ്കണ റണാവത്തിന് എതിരെ ഹിമാചൽ പ്രദേശിൽ കേസ് | Nalamidam
14 November 2026
Home News National ‘ഗാന്ധി കുടുംബത്തിന് എതിരായ വിവാദ പരാമർശം’; കങ്കണ റണാവത്തിന് എതിരെ ഹിമാചൽ പ്രദേശിൽ കേസ്

‘ഗാന്ധി കുടുംബത്തിന് എതിരായ വിവാദ പരാമർശം’; കങ്കണ റണാവത്തിന് എതിരെ ഹിമാചൽ പ്രദേശിൽ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

12

ഷിംല: ഗാന്ധി കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഷിംല എസ്പി ഗൗരവ് സിങ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 196, 353, 356 വകുപ്പുകൾ പ്രകാരമാണ് കങ്കണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സോണിയ ഗാന്ധി, മനേക ഗാന്ധി എന്നിവരടക്കമുള്ള ഗാന്ധി കുടുംബാംഗങ്ങളെ ലക്ഷ്യമിട്ടുള്ള കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് വിവാദത്തിന് കാരണമായത്. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നായിരുന്നു കങ്കണയുടെ പരാമർശം. ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾ യാദൃച്ഛികമല്ലെന്നും കുടുംബത്തിലെ അനന്തരാവകാശികൾ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലേക്ക് എത്തിയെന്നുമുള്ള ആരോപണങ്ങളും അവർ ഉന്നയിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കങ്കണയുടെ വിവാദ പ്രതികരണങ്ങൾ.

പഴയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വിവാദം

1981 കാലഘട്ടത്തിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു പഴയ കുടുംബവിരുന്നിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചതിന് പിന്നാലെയാണ് കങ്കണയുടെ പരാമർശങ്ങൾ പുറത്തുവന്നത്. ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

അമേഠി ഉപതെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി മുന്നിലാണെന്ന വാർത്തയുമായി എത്തിയ ഫോൺകോൾ കുടുംബാംഗങ്ങളുടെ സംഭാഷണത്തെ തടസ്സപ്പെടുത്തുന്നതും ഇന്ദിര ഗാന്ധിയുടെ പ്രതികരണവും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വീഡിയോയിലെ മനേക ഗാന്ധിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള കങ്കണയുടെ നിരീക്ഷണങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവൃത്തങ്ങളിൽ മനേക ഗാന്ധി ഒറ്റപ്പെട്ടു നിന്നുവെന്നാണ് കങ്കണയുടെ വാദം. കുടുംബാംഗങ്ങൾക്കിടയിൽ മനേകയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും വീഡിയോയിൽ അവർ ഒറ്റപ്പെട്ടതായി കാണപ്പെടുന്നുവെന്നും കങ്കണ കുറിച്ചു.

വീഡിയോയുടെ അവസാനത്തിൽ മറ്റുള്ളവരെല്ലാം അവിടെ നിന്ന് പോകുമ്പോഴും മനേക അവിടെത്തന്നെ നിൽക്കുന്നതും ഇന്ദിര ഗാന്ധിയുടെ ഭാഗത്തുനിന്ന് ആശ്വാസകരമായ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നതുപോലെ കാണപ്പെടുന്നതും കങ്കണ ചൂണ്ടിക്കാട്ടി. മനേകയുടെ അവസ്ഥ ഹൃദയഭേദകമാണെന്നും അവർ പ്രതികരിച്ചു.

സോണിയ ഗാന്ധിക്ക് എതിരെയും ആരോപണങ്ങൾ

സോണിയ ഗാന്ധി ഗാന്ധി കുടുംബവുമായി ഇത്രയധികം അടുത്ത ബന്ധം സ്ഥാപിച്ചതെങ്ങനെയെന്ന ചോദ്യവും കങ്കണ ഉന്നയിച്ചു. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങൾ പരാമർശിച്ചു കൊണ്ട് സോണിയ ഗാന്ധിയുടെ കുടുംബത്തിലെ സ്വാധീനത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്ന തരത്തിലായിരുന്നു പോസ്റ്റ്.

1980 ജൂണിൽ വിമാനാപകടത്തിലാണ് സഞ്ജയ് ഗാന്ധി മരിച്ചത്. തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച രാജീവ് ഗാന്ധി 1981ൽ അമേഠി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇന്ദിര ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 1982ൽ മനേക ഗാന്ധി കുടുംബവീട് വിട്ടുപോയിരുന്നു.

1984 ഒക്ടോബർ 31-നാണ് ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 1991 മെയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇയുടെ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

പരാതിയുമായി അതുൽ ശർമ

കങ്കണയുടെ പരാമർശങ്ങൾക്കെതിരെ ഷിംല സ്വദേശി ക്യാപ്റ്റൻ അതുൽ ശർമയാണ് പരാതി നൽകിയത്. രാഷ്ട്രീയ വിയോജിപ്പിന്റെ പരിധി ലംഘിക്കുന്ന തരത്തിലുള്ള ആസൂത്രിതമായ പ്രചാരണമാണ് കങ്കണ നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

ഇത്തരം പരാമർശങ്ങൾ പൊതുജനങ്ങൾക്കിടയിൽ ശത്രുതയും ആശങ്കയും വളർത്താനും പൊതുസമാധാനം തകർക്കാനും സാധ്യതയുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ നിയമലംഘനം നടന്നിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.