...
Home News Kerala ‘സിപിഐ- സിപിഎം ബന്ധം ദൃഡപ്പെടുത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു’: ബിനോയ് വിശ്വം

‘സിപിഐ- സിപിഎം ബന്ധം ദൃഡപ്പെടുത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു’: ബിനോയ് വിശ്വം

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്

270

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുക ആയിരുന്നു.

സിപിഐ- സിപിഎം ബന്ധം ദൃഡപ്പെടുത്താൻ സിപിഐ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം കഴിഞ്ഞ ശേഷം പറഞ്ഞു. എൽഡിഎഫിന് മുന്നാമൂഴം ഉണ്ടാകും. അതിനായി സിപിഐ എല്ലാ ബന്ധുക്കളെയും ചേർത്തുപിടിക്കും. പ്രത്യയശാസ്ത്ര, രാഷ്ട്രീയ ഐക്യം ഉണ്ടാവണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

2023 മുതൽ സംസ്ഥാന സെക്രട്ടറി ആണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022ൽ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. വെള്ളിയാഴ്‌ച വൈകിട്ട് ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ ന​ഗറിലാണ് പൊതുസമ്മേളനം. വോളിണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്‌തു.

സിപിഐയിൽ താഴേത്തട്ടിൽ വിഭാ​ഗീയത ഇല്ലെന്നും മുകൾത്തട്ടിലാണ് വിഭാ​ഗീയതയെന്നും അത് ചെയ്യുന്നത് സംസ്ഥാന നേതൃത്വമാണെന്നും വിമർശനം ഉയർന്നു. കൗൺസിലിൻ്റെ അധികാരം മുഴുവൻ എക്‌സിക്യൂട്ടീവ് കവർന്നെടുക്കുകയാണ് എന്നും വിമർശനം.

മന്ത്രിമാരെല്ലാം സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗങ്ങളാണ്. ആ നിലക്കുള്ള സംഘടനാ ചുമതലകൾ അവർ നിറവേറ്റിയിട്ടില്ല. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ബാധ്യതയുള്ള പാർട്ടി നേതൃത്വം അതിന് തയ്യാറായിട്ടില്ല എന്നും പ്രതിനിധികൾ വിമർശനം ഉയർത്തി.

സമ്മേളന റിപ്പോർട്ടിനെതിരെയും പ്രതിനിധികളുടെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ആഭ്യന്തര വകുപ്പിനെ റിപ്പോർട്ടിൽ വെള്ളപൂശിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. റിപ്പോർട്ട് എഴുതിയത് ആരാണെന്നും പ്രതിനിധികൾ ചോദിച്ചു. അഭ്യന്തര വകുപ്പ് സർക്കാരിന് കളങ്കമാണെന്നും പൊലീസിനെ നിലക്ക് നിർത്താൻ ആകുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

പൊലീസ് സർക്കാരിൻ്റെ ശോഭ കെടുത്തുന്നുവെന്നും വിമർശനം ഉയർന്നു. മൂന്നാം ഭരണത്തിന് വിഘാതം ആകുന്നത് പൊലീസ് ഭരണമാണെന്നും മൂന്നാമതും തുടർഭരണം കിട്ടുന്നില്ലെങ്കിൽ അതിൻ്റെ കാരണക്കാർ പൊലീസ് ഭരണമായിരിക്കും എന്നും പ്രതിനിധികൾ പറഞ്ഞിരുന്നു.

യുഡിഎഫിൻ്റെയും ബിജെപിയുടെയും താൽപര്യം സംരക്ഷിക്കുന്നവർ പൊലീസിൽ ഉണ്ട്. ഐപിഎസ് മുതൽ താഴെത്തട്ട് വരെ അത്തരം ഉദ്യോഗസ്ഥർ ഉണ്ട്. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. പൊലീസ് ചെയ്യുന്നത് നാട്ടുകാർ കാണുന്നുണ്ടെന്നും എന്നിട്ടും ആഭ്യന്തര വകുപ്പിനെ വെള്ളപൂശി എന്നുമായിരുന്നു വിമർശനം. എന്തിനാണ് പൊലീസിനെ ഇങ്ങനെ പിന്തുണക്കുന്നതെന്നും പ്രതിനിധികൾ ചോദിച്ചു.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഫണ്ട് ചോദിച്ചു വാങ്ങണം. മന്ത്രിമാർക്ക് മാത്രമായി അതിന് സാധിക്കില്ല. നേതൃത്വം ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സികെ വിശ്വനാഥൻ്റെ മകനാണ് ബിനോയ് വിശ്വം. എഐഎസ്എഫിലൂടെ പൊതുപ്രവർത്തന രം​ഗത്തുവന്ന ബിനോയ് വിശ്വം എഐഎസ്എഫിൻ്റെ സംസ്ഥാന- ദേശീയ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. രാജ്യസഭാം​ഗമായും എംഎൽഎയായും 2006-ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.