...
Home News Kerala സ്ഥാനാര്‍ത്ഥി വിനുവിന് നിയമപരമായി അല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഐഎം എതിര്‍ക്കും

സ്ഥാനാര്‍ത്ഥി വിനുവിന് നിയമപരമായി അല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഐഎം എതിര്‍ക്കും

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വിനു വോട്ട് ചെയ്‌തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്

225

നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വിഎം വിനു എന്ന് ചോദിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്. വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വിനുവിന് നിയമപരമായി അല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഐഎം എതിര്‍ക്കും. വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തിട്ടില്ല. 2020-ലെ പട്ടികയില്‍ വിനുവിൻ്റെ പേരില്ല. വോട്ട് ചെയ്‌തെങ്കില്‍ അത് കള്ള വോട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

കോര്‍പ്പറഷേനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിൻ്റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2020-ലെ വോട്ടെടുപ്പില്‍ വിഎം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ല എന്നാണ് വിവരം. വിനുവിൻ്റെ ഭാര്യ, മകന്‍, മകള്‍ എന്നിവരും 2020ല്‍ വോട്ട് ചെയ്‌തില്ല. എന്നാല്‍ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഎം വിനുവും ഭാര്യയും വോട്ട് ചെയ്‌തിട്ടുമുണ്ട്.

എന്നാല്‍ 2020-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനുവും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനിലെ നാലാം നമ്പര്‍ ബൂത്തില്‍ നിന്ന് താന്‍ വോട്ട് ചെയ്‌തിട്ടുണ്ടെന്നാണ് വിനു പറയുന്നത്.

അന്നത്തെ കൗണ്‍സിലർ ആയിരുന്ന കെപി രാജേഷ് കുമാറിനൊപ്പം വന്നാണ് വോട്ട് ചെയ്‌തതെന്നും വിനു പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വിനു വോട്ട് ചെയ്‌തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫിൻ്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആണ് വിഎം വിനു. കല്ലായി ഡിവിഷനില്‍ നിന്നും വിനു വോട്ട് തേടി പ്രചാരണത്തിലും സജീവമായിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം അറിയുന്നത്. കരട് വോട്ടര്‍ പട്ടികയോ അന്തിമ പട്ടികയോ പരിശോധിക്കാതെ ആണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് എന്ന ചോദ്യവും ഇതിനോടകം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് എതിരെ ഉയരുന്നുണ്ട്.

വോട്ടര്‍ പട്ടിക പരിശോധിക്കാതെ ആണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന ചോദ്യത്തോട് 18 വയസ് കഴിഞ്ഞ ഒരാള്‍ക്ക് വോട്ടുണ്ടാവില്ലെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഇനി ചിന്തിക്കേണ്ട സമയമായെന്നും ആണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചത്.

വിഷയത്തില്‍ വിഎം വിനു കോടതിയെ സമീപിക്കാൻ ഒരുങ്ങി. വോട്ടര്‍ പട്ടികയില്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച വിനു കോര്‍പ്പറേഷന്‍ ഓഫീസിലെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതിയും നല്‍കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.