ക്രെഡിറ്റ് കാർഡ് ലോകത്തെ സുവർണ കാലഘട്ടം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പ്രമുഖ ബാങ്കുകൾ തങ്ങളുടെ സേവനങ്ങളിലും ആനുകൂല്യങ്ങളിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പഴയതുപോലുള്ള റിവാർഡുകളും പ്രീമിയം സൗകര്യങ്ങളും ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ ഇനി മുതൽ കൂടുതൽ തുക ചെലവാക്കേണ്ടി വരും.
ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതും, എയർപോർട്ട് ലോഞ്ച് പോലുള്ള സേവനങ്ങൾ നൽകുന്നതിന് ബാങ്കുകൾക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്നതും ലാഭക്ഷമതയെ ബാധിച്ചതാണ് ഈ കടുത്ത തീരുമാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.
പ്രമുഖ കാർഡ് ദാതാക്കളായ അമേരിക്കൻ എക്‌സ്പ്രസ് തങ്ങളുടെ ‘പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡിൽ’ വരുത്തിയ മാറ്റങ്ങൾ 2026 മാർച്ച് 9 മുതൽ പ്രാബല്യത്തിൽ വരും. നാല് ലക്ഷം രൂപ ചെലവാക്കുമ്പോൾ ലഭിച്ചിരുന്ന റിവാർഡ് പോയിന്റുകൾ 25,000-ൽ നിന്ന് 10,000 ആയി ഇവർ കുറച്ചു. എസ്ബിഐ കാർഡ് വർഷത്തിൽ എട്ട് തവണ നൽകിയിരുന്ന ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് സൗകര്യം നാലായി ചുരുക്കിയപ്പോൾ, ഫെഡറൽ ബാങ്കിന്റെ സ്കാപ്പിയ (Scapia) കാർഡിൽ ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിനുള്ള പ്രതിമാസ ചെലവ് പരിധി 20,000 രൂപയായി ഉയർത്തി. താജ് എക്‌സ്പീരിയൻസ് ഇ-ഗിഫ്റ്റ് കാർഡ് ലഭിക്കാൻ അമേരിക്കൻ എക്സ്പ്രസ് ഉപഭോക്താക്കൾ ഇനി ഏഴ് ലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടതുണ്ട്.
ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ചിപ്പ്, ഇൻസ്റ്റന്റ് പ്ലാറ്റിനം കാർഡുകൾക്കൊപ്പം നൽകിയിരുന്ന സൗജന്യ മൂവി ടിക്കറ്റുകൾ നിർത്തലാക്കുകയും എയർപോർട്ട് ലോഞ്ച് ആക്‌സസ് മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്തു. എമറാൾഡ് മെറ്റൽ ആഡ്-ഓൺ കാർഡിന് 3,000 രൂപ ഫീസും ബാങ്ക് പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് റിവാർഡുകൾ നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തിയതിനൊപ്പം, കാർഡ് ക്ലോസ് ചെയ്താലോ 90 ദിവസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയാലോ റിവാർഡ് പോയിന്റുകൾ നഷ്ടപ്പെടുമെന്ന കടുത്ത വ്യവസ്ഥയും കൊണ്ടുവന്നു. പല കാർഡുകളുടെയും പ്രതിമാസ റിവാർഡ് പോയിന്റുകൾക്ക് ഇപ്പോൾ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ബാങ്കുകളുടെ നയങ്ങൾ ഇടക്കിടെ മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ കൃത്യമായ ആസൂത്രണത്തോടെ വേണം കാർഡുകൾ ഉപയോഗിക്കാൻ. റിവാർഡുകൾക്ക് മാത്രം മുൻഗണന നൽകാതെ സ്വന്തം വരുമാനത്തിനും ചെലവിനും അനുയോജ്യമായ കാർഡുകൾ തിരഞ്ഞെടുക്കാനും, ബാങ്കുകൾ നൽകുന്ന അറിയിപ്പുകൾ കൃത്യമായി വായിച്ചു മനസ്സിലാക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു.



