വിശിഷ്ട സേവനത്തിന് ഈ വര്‍ഷത്തെ പ്രസിഡന്റിന്റെ പൊലീസ് മെഡലിന് കാസര്‍കോട്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ അര്‍ഹനായി. സര്‍വീസില്‍ അദ്ദേഹം കാഴ്ചവെച്ച മികച്ച പ്രകടനം പരിഗണിച്ചാണ് ബഹുമതി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അദ്ദേഹം വിവിധ കേസുകളില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയാക്കിയതിലും പ്രതികളെ പിടികൂടിയതിലും നേരത്തെ അദ്ദേഹത്തെ തേടി അംഗീകാരങ്ങളെത്തിയിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടല്‍ ചെറുതല്ല. മയക്ക് മരുന്നിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു.
2003ല്‍ എസ്.ഐ ആയി പോലീസ് സേനയില്‍ ചേര്‍ന്ന ബാലകൃഷ്ണന്‍ നായര്‍ പരിശീലനത്തിന് ശേഷം എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നി ജില്ലകളില്‍ സേവനമനുഷ്ടിച്ചു. 2008ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി വെള്ളരിക്കുണ്ട്, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, വളപട്ടണം, കാസർകോട് എന്നീ സര്‍ക്കിളുകളിലും വിജിലന്‍സിലും ജോലി ചെയ്തു. തുടര്‍ന്ന് 2017ല്‍ ഡി.വൈ.എസ്.പി ആയി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും, കാസറഗോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ, കണ്ണൂര്‍ ടൗണ്‍ എന്നീ സബ് ഡിവിഷനുകളിലും ജോലി ചെയ്തു. 2004 ജൂലൈ മുതല്‍ കാസർകോട് അഡിഷണല്‍ എസ്.പി ആയി ജോലി ചെയ്തു വരവേ 2025 ജൂണ്‍ മാസം എസ്.പി ആയി പ്രൊമോഷന്‍ ലഭിച്ചു. കണ്ണൂര്‍, കാസറഗോഡ് ക്രൈംബ്രാഞ്ച് എസ്.പിയായി ജോലി ചെയ്തു വരികയാണ്.
സര്‍വീസില്‍ ഇതുവരെ മികച്ച സേവനത്തിന് മൂന്ന് മൂന്ന് ബാഡ്ജ് ഓഫ് ഹോണറും നൂറിലധികം ഗുഡ് സര്‍വീസ് എന്‍ട്രികളും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് 22 പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 2018ല്‍ ലഭിച്ചു. വിജിലന്‍സിലെ മികച്ച സേവനത്തിന് 2016-ലെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചു. ഇന്റലിജന്‍സ് രംഗത്തെ മികച്ച സേവനത്തിന് 2017-ലും 2018-ലും തുടര്‍ച്ചയായി ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്.
സര്‍വീസ് കാലയളവില്‍ പ്രമാദമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. വെള്ളരിക്കുണ്ട് സി.ഐ ആയിരിക്കെ ചിറ്റാരിക്കല്‍, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് കൊലപാതക കേസുകളിലും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. കാസർകോട് ജില്ലയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 വര്‍ഗീയ കൊലപാതക കേസുകളില്‍ ആദ്യമായി പ്രതികളെ ശിക്ഷിച്ചത് ബാലകൃഷ്ണന്‍ നായര്‍ അന്വേഷണം നടത്തിയ കേസിലാണ്.
പ്രമാദമായ നിരവധി മോഷണ കേസുകള്‍ കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2010ല്‍ മാരുതി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ 111 പവന്‍ സ്വര്‍ണം കവര്‍ന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികള്‍ കാലിയ റഫീഖ്, ടി.എച്. റിയാസ്. ഗുജ്രി അമ്മി, അട്ടഗോളി ആസിഫ് എന്നിവര്‍ അടങ്ങിയ സംഘത്തെ പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ്.
കണ്ണൂര്‍ എ.സി.പി ആയി ജോലി ചെയ്തു വരവേ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരേദിവസം മൂന്ന് എ.ടി.എം മെഷീനുകള്‍ കുത്തിതുറന്ന് ലക്ഷ കണക്കിന് രൂപ കവര്‍ച്ച ചെയ്ത് ഹരിയാനയിലേക്ക് രക്ഷപ്പെടുകയായിരുന്ന കുപ്രസിദ്ധ കവര്‍ച്ച സംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആയിരുന്നു. കേരളം, കര്‍ണാടക. തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 75ല്‍ അധികം മോഷണ കേസില്‍ പ്രതിയായി 20 വര്‍ഷത്തിൽ അധികമായി ഒളിവിൽ കഴിയുകയായിരുന്ന മടിക്കേരി ഇബ്രാഹിമിനെ പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
വിജിലന്‍സില്‍ ജോലി ചെയ്തു വരവേ ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി അഴിമതികള്‍ കണ്ടെത്തുന്നതിന് നേതൃത്വം നല്‍കി. റോഡ് വര്‍ക്കുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ ഇവര്‍ക്കതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടികള്‍ സ്വീകരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ആയിരിക്കെ നിരവധി മയക്കുമരുന്ന് കേസുകള്‍ പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാഞ്ഞങ്ങാട് സബ് ഡിഷനില്‍ ഏറ്റവും കൂടുതല്‍ ഹവാല പണം പിടികൂടിയത് ബാലകൃഷ്ണന്‍ നായര്‍ ഡി.വൈ.എസ്.പി ആയിരിക്കുന്ന ഘട്ടത്തിലായിരുന്നു.
പൊലീസും ജനങ്ങളും ഒത്തു ചേര്‍ന്നുള്ള നിരവധി ജനമൈത്രി പ്രവര്‍ത്തങ്ങള്‍ക്കും ബാലകൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ആയിരിക്കെ ഒരു ഗ്രാമത്തെ മുഴുവന്‍ ലഹരി മുക്തമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘ലഹരിമുക്ത കൊളവയല്‍’ പദ്ധതി ആരംഭിച്ചു നടപ്പാക്കി. ഈ പദ്ധതി നടപ്പാക്കിയതിന് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുണ്ട്.
കാസര്‍കോട് അഡിഷണല്‍ എസ്.പി ആയിരിക്കെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഹോപ്പ് എന്നീ പദ്ധതികളില്‍ ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു. ഈ സമയത്താണ് ജില്ലയില്‍ പുതിയ സോഷ്യല്‍ പോലീസിങ് പദ്ധതികളായ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ‘വന്ദ്യജന സഭ’യും യു.പി സ്‌കൂളുകളിലെ കുട്ടികൾ വഴിതെറ്റുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ‘തണല്‍’ പദ്ധതിയും ആരംഭിച്ചത്.



