...
Home News National ‘കടം കോടികൾ’, കുട്ടികൾ ജീവൻ ഒടുക്കിയത് മൊബൈൽ വിറ്റ സങ്കടത്തിൽ

‘കടം കോടികൾ’, കുട്ടികൾ ജീവൻ ഒടുക്കിയത് മൊബൈൽ വിറ്റ സങ്കടത്തിൽ

ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്

292

ഗാസിയാബാദിൽ കൊറിയൻ ഗെയിമിന് അടിമപ്പെട്ട് പ്രായപൂർത്തി ആകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛൻ തങ്ങളുടെ മൊബൈലുകൾ വാങ്ങിവെച്ചതിൽ മൂവരും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും മൂവർക്കും അച്ഛനെ വലിയ കാര്യമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

കൊറിയൻ ഗെയിമിന് അടിമപ്പെട്ടതിന് ശേഷമാണ് കുട്ടികളുടെ മൊബൈൽ ഫോണുകൾ പിതാവ് വാങ്ങിവെച്ചത്. പിന്നാലെ വൈദ്യുതി ബില്ലുകൾ അടയ്ക്കാനായി പിതാവ് ഈ മൊബൈലുകൾ വിറ്റു. ഇത് കുട്ടികളിൽ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച അന്ന് രാത്രി കുട്ടികൾ തങ്ങളുടെ അമ്മയുടെ ഫോൺ കൈക്കലാക്കിയിരുന്നു. എന്നാൽ അതിൽ നിന്ന് കൊറിയൻ ആപ്പുകളും മറ്റും ഇവർക്ക് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. ഇതുമൂലമാണ് നിഷിക, പ്രാചി, പഖി എന്നീ സഹോദരിമാർ ചാടിമരിച്ചത് എന്നാണ് വിവരം.

കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചും ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികളുടെ അച്ഛൻ സ്റ്റോക്ക് ബ്രോക്കറായിരുന്നു. ഇയാൾക്ക് നിലവിൽ രണ്ട് കോടി രൂപ കടമുണ്ട്. വളരെ കഷ്‌ടപ്പെട്ടായിരുന്നു ഇയാൾ കുടുംബം നയിച്ചിരുന്നത്. ഇതിന് പുറമെ പിതാവിന് മൂന്ന് ഭാര്യമാർ ഉണ്ടായിരുന്നുവെന്നും അവരെല്ലാം നേർ സഹോദരിമാർ ആയിരുന്നുവെന്നുമുള്ള വിചിത്ര വിവരവും പുറത്തുവന്നിട്ടുണ്ട്.

സുജാത (നിഷികയുടെ അമ്മ), ഹീന (പ്രാചിയുടെയും പഖിയുടെയും അമ്മ), ടീന എന്നിവരാണ് മൂന്ന് ഭാര്യമാർ. ഇതിന് പുറമെ പിതാവിന് മറ്റൊരു ലിവ് ഇൻ പങ്കാളിയുണ്ടായിരുന്നു. 2015ൽ ഇവർ മറ്റൊരു ഫ്ളാറ്റിന് മുകളിൽ നിന്ന് വീണു മരിക്കുകയായിരുന്നു. ഇത് ആത്മഹത്യയാണെന്ന് കണ്ടെത്തി പൊലീസ് കേസ് തള്ളി.

കുട്ടികൾക്ക് തങ്ങളുടെ അച്ഛനെ ഭയങ്കര ഇഷ്‌ടമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതിനാലായിരിക്കാം ആത്മഹത്യാ കുറിപ്പിൽ മൂവരും അച്ചനെ പരാമർശിച്ചത്. അമ്മമാരുടെ പേരുകൾ ഒരിടത്തും ഇല്ല. ആത്മഹത്യാ കുറിപ്പും കുട്ടികളുടെ സന്ദേശങ്ങളും തുടങ്ങിയവയെല്ലാം വിരലടയാള പരിശോധനക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ആത്മഹത്യ എന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ് കേസ് അന്വേഷിക്കുന്നത്. കൊറിയൻ കണ്ടന്റുകളോടുള്ള കുട്ടികളുടെ ഭ്രമം, കുടുംബ സാഹചര്യങ്ങൾ തുടങ്ങിയ വശങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പ് പ്രകാരം മൂവർക്കും കൊറിയൻ സംസ്കാരത്തോടും കണ്ടന്റുകളോടും വലിയ അഭിനിവേശമാണുള്ളത്. ഇതായിരിക്കാം മരണകാരണം എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

ഫെബ്രുവര് നാലിനാണ് സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ഗാസിയാബാദിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തത്. ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പിൽ പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.

ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിമിന് അടിമപ്പെട്ടവരായിരുന്നു പെൺകുട്ടികൾ. പഠനത്തിൽ ശ്രദ്ധിക്കാൻ ഇവർക്ക് താത്പര്യമില്ലായിരുന്നു. നിരവധി കുറിപ്പുകൾ എഴുതിവെച്ച ശേഷമാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഇതിൽ പിതാവിനോട് ക്ഷമാപണം നടത്തുന്ന കുറിപ്പുമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.