...
Home News National ഇന്ത്യൻ വ്യോമ സേന വിമാനത്തിന് സൈബർ ആക്രമണം; ജിപിഎസ് സ്‌പൂഫിംഗിലൂടെ വഴി തെറ്റിക്കാൻ ശ്രമം

ഇന്ത്യൻ വ്യോമ സേന വിമാനത്തിന് സൈബർ ആക്രമണം; ജിപിഎസ് സ്‌പൂഫിംഗിലൂടെ വഴി തെറ്റിക്കാൻ ശ്രമം

സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ വ്യോമസേന പൈലറ്റുമാർ ഉടൻ തന്നെ ഇൻ്റെണൽ നാവിഗേഷൻ സിസ്റ്റത്തിലേക്ക് (ഐഎൻഎസ്) മാറി

436

മ്യാൻമറിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള ഓപ്പറേഷൻ ബ്രഹ്‌മ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനത്തിന് നേരെ ജിപിഎസ്- സ്‌പൂഫിംഗ് ആക്രമണം. പറക്കുന്നതിനിടെ വിമാനത്തിൻ്റെ നാവിഗേഷൻ സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ജിപിഎസ് സ്‌പൂഫിംഗ് വഴി തത്സമയ കോർഡിനേറ്റുകളിൽ കൃത്രിമം കാണിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ വ്യോമസേന പൈലറ്റുമാർ ഉടൻ തന്നെ ഇൻ്റെണൽ നാവിഗേഷൻ സിസ്റ്റത്തിലേക്ക് (ഐഎൻഎസ്) മാറിയെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. വ്യാജ സിഗ്നലുകൾ യഥാർത്ഥ ഉപഗ്രഹ ഡാറ്റയെ മറികടന്ന് സംവിധാനങ്ങളെ ആശയ കുഴപ്പത്തിലാക്കുന്നതാണ് ജിപിഎസ് സ്‌പൂഫിംഗ്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപം നേരത്തെ സമാനമായ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. 2023 നവംബർ മുതൽ ഇതുവരെ അമൃത്സറിനും ജമ്മുവിനും സമീപം 465 ജിപിഎസ് സ്‌പൂഫിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 28 വെള്ളിയാഴ്‌ച മ്യാൻമറിൽ ഉണ്ടായ വൻ ഭൂകമ്പത്തിൽ മൂവായിരത്തി അഞ്ഞൂറിലേറെ പേർ കൊല്ലപ്പെടുകയും 5,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ദുരിത സഹായത്തിനായി ഇന്ത്യ ദൗത്യം ആരംഭിച്ചിരുന്നു.

ടെന്‍റുകൾ, പുതപ്പുകൾ, അവശ്യ മരുന്നുകൾ, ഭക്ഷണം ഉൾപ്പെടെയുള്ള 15 ടൺ സാധനങ്ങൾ ഉൾപ്പെടെ സി -130 ജെ വിമാനം ഉപയോഗിച്ചാണ് മാർച്ച് 29ന് മ്യാൻമാറിൽ എത്തിച്ചത്.

ഈ ദൗത്യം തുടരുന്നതിനിടെ ആണ് സൈബർ ആക്രമണം ഉണ്ടായത്. സി-130 ജെ കൂടാതെ, ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരും മ്യാൻമറിലേക്ക് കൊണ്ടു പോകുന്നതിനായി ഇന്ത്യൻ വ്യോമസേന സി-17 ഗ്ലോബ്‌മാസ്റ്റർ ഹെവി- ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.