ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റാണ് കാസർകോട് സൈബർ ക്രൈം പോലീസിൻ്റെ പിടിയിലായത്. കൊല്ലം തെന്മലയിൽ വെച്ചാണ് ജില്ലാ പോലിസ് മേധാവി നിധിൻ രാജിൻ്റെ മേൽനോട്ടത്തിൽ പോലീസ് സംഘം പിടികൂടിയത്.
തട്ടിപ്പ് ഇങ്ങനെ…
2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട്, ഉദുമ സ്വദേശിയായ, ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫേസ്ബുക്ക് വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് ഫോണിലും വാട്സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി.
ഇതിനുശേഷമാണ് ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ എളുപ്പത്തിൽ തീർപ്പാക്കി നൽകാമെന്നും, നിലവിലുള്ള ജീവിത പ്രശ്നങ്ങൾക്ക് പ്രത്യേക പൂജകൾ നടത്തിയാൽ പരിഹാരം കാണാമെന്നും ഇയാൾ വിശ്വസിപ്പിച്ചത്. ഇത് മുഖവിലക്കെടുത്ത യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലൂടെ കുടുങ്ങി
യുവതിയുടെ പരാതിയെ തുടർന്ന് കാസർകോട് സൈബർ ക്രൈം പോലീസ് നടത്തിയ ശക്തമായ ശാസ്ത്രീയ അന്വേഷണത്തിലാണ് തെന്മലയിൽ വെച്ച് പ്രതി കുടുങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈബർ സെല്ലിൻ്റെ സഹായത്തോടെയും തെന്മല പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മനോജ് ബി.എല്ലിൻ്റെ സഹായത്തോടെയുമാണ് പ്രതിയെ പിടികൂടിയത്. കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ (ഇൻചാർജ്) നളിനാക്ഷൻ പിയുടെ നേതൃത്വത്തിൽ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ പികെ., ദിലീഷ് എം, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സവാദ് അഷ്റഫ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.


