| സജി മാർക്കോസ്
കുറച്ചു നാൾമുമ്പ് പഴയ വീടുകളിടിച്ച് പൊളിച്ച് പുതിയ വീട്ടുകൾ പണിയുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി ജോലി ചെയ്തിരുന്നു. വീടുകൾനിർമ്മിക്കുന്നതിനു ബിൽഡിങ് പെർമിറ്റുകൾ ഉള്ളതുപോലെ ഡിമോളിഷൻ പെർമിറ്റ് ഉണ്ടെന്ന് ആദ്യമായി അറിയുന്നത്ത് അപ്പോഴാണ്. അതുപോലെ വീടുകൾനിർമ്മിക്കുന്നതുപോലെ തന്നെ സങ്കീർണമായ പ്രോജക്ട് പൊളിക്കുന്നതും.
വീട്ടിൽ ആൾതാമസമില്ല എന്ന ഉറപ്പുവരുത്തിയതിനു ശേഷം ഡിമോളിഷൻ പെർമിറ്റിന് അപേക്ഷ നൽകണം. അപേക്ഷ ആദ്യം പോകുന്നത്, വൈദ്യുതി മന്ത്രാലയത്തിലേക്കാണ്. ആ പ്ലോട്ട് വിദ്യുച്ഛക്തി സംബന്ധമായി , മണ്ണിനടിയിൽ കേബിളുകൾ , ഓവർഹെഡ് ലൈനുകളുൾപ്പടെ 100 % വിച്ഛേദിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തി ക്ലിയറൻസ് നൽകും, തുടർന്ന് കുടിവെള്ളം സീവർ – ഇവരും ഇതുതന്നെ തുടരും . അതിനു ശേഷം, ഡിമോളിഷ് ചെയ്യുന്ന കോൺട്രാക്ടറിന്റെ ഡീറ്റെയിൽസ് കൊടുക്കണം. അവർ പ്രാവീണ്യവും പരിചയവുമുള്ളവരായിരിക്കിണം.
വെയിസ്റ്റ് എത്രമാത്രമുണ്ടാകും, അത് എവിടെ ഡിസ്പോസ് ചെയ്യും എന്ന എഴുതി കൊടുക്കണം. എത്ര ദിവസം കൊണ്ട് ഡിമോളിഷൻ തീർക്കും എന്നും പറയണം. അയൽവാസികൾക് ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഏതു സമയത്ത് ഹെവി എക്വിപ്മെന്റ്സ് ഉപയോഗിക്കും എന്ന പറയണം. പൊടി ശല്യം ഉണ്ടാകാതിരിക്കാൻ എങ്ങിനെ പ്രൊജക്റ്റ് സൈറ്റ് മറയ്ക്കും എന്ന ചിത്ര സഹിതം കാണിക്കണം.
ഇത്രയുമായാൽ കണ്ടീഷണൽ ഡിമോളിഷൻ പെർമിറ്റ് കിട്ടും. പിന്നെ ഡിമോളിഷൻ തീയതി നിശ്ചയിച്ചിട്ട് അയൽക്കാരെ രേഖാമൂലം അറിയിക്കണം (അവരുടെ അനുവാദം ആവശ്യമില്ല – പക്ഷെ അറിയിക്കണം ) ഇതൊരു ചെറിയ വീട് പൊളിക്കുന്ന കാര്യമാണ്. അതിനു ഇവിടെ നിയമങ്ങളുണ്ട്, പ്രവൃത്തി പരിചയമുണ്ട്. ഇന്ത്യയിൽ ഒരു ഡാം ഡീക്കമ്മീഷൻ ചെയ്യുന്നതിനുള്ള പ്രധാന വെല്ലുവിളി, കൃത്യമായ നിയമങ്ങളുമില്ല, നമുക്ക് പ്രവൃത്തി പരിചയവുമില്ല. ഇന്ത്യയിലെ ഡാം സേഫ്റ്റി ആക്റ്റ്, 2021, പ്രാഥമികമായി ഡീകമ്മീഷൻ ചെയ്യുന്നതിനുപകരം നിലവിലുള്ള അണക്കെട്ടുകളുടെ പരിപാലനത്തിലും സുരക്ഷയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡാം ഡീക്കമ്മീഷനിങ്ങിന് കൃത്യമായ നടപടിക്രമം ഉള്ള രാജ്യമാണ് അമേരിക്ക. ആദ്യ നടപടി ഡാമിന്റെ ഉടമസ്ഥൻ Federal Energy Regulatory Commission (FERC) യ്ക്ക് അപേക്ഷ സമർപ്പിക്കിക എന്നതാണ്. സമാനമായി ഇന്ത്യയിൽ അടുത്ത കാലത്ത് രൂപീകരിച്ച he National Dam Safety Authority (NDSA) ശൈശവാസ്ഥയിലാണ്. അമേരിക്കയെപ്പോലെ നമുക്ക് അങ്ങിനെ established ആയ ഒരു നടപടിക്രമവും ഇല്ല- എങ്കിലും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഡാമിന്റെ ഉടമസ്ഥനും പരിപാലകനും തമിഴ്നാടാണ്, ആ നിലയിൽ ഡീക്കൻമ്മീഷൻ അപേക്ഷ സമർപ്പിക്കാൻ സാങ്കേതികമായി നമുക്ക് കഴിയില്ല.
FERC അപേക്ഷ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം സ്വീകരിക്കുകയോ നിരാകരിക്കുകയോചെയ്യാം. ആകൂടെ ഡീക്കമ്മീ ഷനിങ്ങിനും അണുബന്ധ ജോലികൾക്കുമുള്ള Proof of Fund ഡാം ഓണർ FERC യെ ധരിപ്പിക്കണം. തുടർന്ന് FERC തുടർമാനമായ, അതി സങ്കീർണ്ണമായ പഠനങ്ങൾ ആരംഭിക്കും. Environmental Assessment (EA) , Section 404 Permits of The U.S. Army Corps of Engineers (USACE), ഇങ്ങനെ പലതും പലതും. (കുറെയുണ്ട്, താല്പര്യമുള്ളവർക് നെറ്റിൽ നിന്നും കിട്ടും )
ഒരു ഡാം പൊളിച്ചാൽ അതിന്റെ ഡെബ്രി ( അവശിഷ്ടം ) മല പോലെ കൂടികിടക്കും, മുല്ലപ്പെരിയാറിൽ ഒന്നേകാൽ നൂറ്റാണ്ടായി ഡാമിന്റെ അടിയിൽ അടിഞ്ഞുകൂടിയ ചെളി മറ്റൊരു ബാധ്യതയാണ്. ഇതൊക്കെ എന്ത് ചെയ്യും എന്നതൊക്കെ പഠനത്തിന്റെ ഭാഗങ്ങളായിരിക്കും. ടണൽ വരെയുള്ള വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി കളഞ്ഞാൽ പിന്നെ ഡാം എങ്ങിനെ കാലിയാക്കും എന്നതിന്റെ സാങ്കേതിക വശം പഠിക്കണം. 128 വർഷമായി രൂപപ്പെട്ട ആവാസവ്യവസ്ഥയ്ക്ക് ഉണ്ടാകാവുന്ന ആഘാതം പഠിക്കണം ,
അമേരിക്കയിൽ ഡീക്കൻമേഷൻ ചെയ്ത ഏറ്റവും വലിയ ഡാം ഡീക്കമ്മീഷൻ ചെയ്യാൻ നാല് വർഷമെടുത്തു.
ചുരുക്കത്തിൽ ഇന്ത്യൻ പ്രോജക്ടുകളുടെ രീതി വച്ച് മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യാൻ ഉദ്ദേശം പത്ത്- പന്ത്രണ്ട് വർഷം എടുക്കും (ഇത് വ്യക്തിപരമായ നിഗമനം മാത്രം). അത്കൊണ്ട് ഡീക്കമ്മീഷൻ എന്ന് മുറവിളികൂട്ടാതെ എത്രയും പെട്ടെന്ന് ജലനിരപ്പ് താഴ്ത്തുകയും, ബാക്കി വരുന്ന ജലം ഉൾക്കൊള്ളാനുള്ള നിലയിലേയ്ക്ക് ഇടുക്കി ഡാമിലെ ജലനിരപ്പ് നിജപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും എഫക്ടീവ് ആയ ഷോർട് ടെം പ്ലാൻ. കുറച്ചു പവർ കട്ടൊക്കെ അനുഭവിക്കേണ്ടി വന്നേക്കാം (ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കണ്ടേ) ലോങ്ങ് ടെം പ്ലാൻ ആയി ഡീകമ്മീഷനു വേണ്ടിയുള്ള നടപടികളും ആരംഭിക്കാം. (അവസാനമായി- ഇത് എന്ത് ചെയ്യുന്നതിനും തമിഴ്‌നാടിന്റെ അല്ലെങ്കിൽ സുപ്രീം കോടതിയുടെ സമ്മതം വേണം- അപ്പോൾ കാര്യങ്ങൾ വീണ്ടും സ്‌ക്വയർ വണ്ണിൽ തന്നെ )
നോട്ട് : ഏറ്റവും വ്യവസ്ഥാപിതമായ ഡാം ഡെക്കൻമേഷനിങ് റെഗുലേഷൻ ഉള്ള രാജ്യമായതുകൊണ്ട് അമേരിക്കയെ ഒരു താരതമ്യത്തിന് എടുത്ത് എന്നേയുള്ളു. അവർ ചെയ്യുന്നതെല്ലാം ചെയ്യണമെന്നോ, അത് മാത്രമാണ് ശരിയെന്നോ വിവക്ഷയില്ല



