ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന കളനാശിനിയായ പാരാക്വാട്ട് ഡൈക്ലോറൈഡ് കേന്ദ്ര സർക്കാർ നിരോധിച്ചു. മനുഷ്യരുടെയും സസ്തനികളുടെയും ആരോഗ്യത്തിന് ഉയർത്തുന്ന ഭീഷണി സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി.
1968ലെ കീടനാശിനി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. പാരാക്വാട്ടിന്റെ പുതിയ രജിസ്ട്രേഷനുകൾ ഉടൻ നിർത്തിവയ്ക്കുകയും നിലവിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. സർട്ടിഫിക്കറ്റുകൾ സർക്കാരിന് കൈമാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിരോധനം കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകി.
വളരെ വിഷാംശമുള്ള രാസവസ്തുവായ പാരാക്വാട്ട് ചെറിയ അളവിൽ പോലും മാരകമായേക്കാം. പ്രത്യേക മറുമരുന്ന് ലഭ്യമല്ലാത്തതിനാൽ വിഷബാധ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന ഇത് പൾമണറി ഫൈബ്രോസിസ് ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
പാരാക്വാട്ട് നിരോധിക്കണമെന്ന് ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കീടനാശിനി വിഷബാധയുമായി ബന്ധപ്പെട്ട മരണങ്ങളുടെ പശ്ചാത്തലത്തിലും പൊതുജനാരോഗ്യ പരിഗണനകൾ മുൻനിർത്തിയുമാണ് കേന്ദ്രത്തിന്റെ നടപടി.


