ധാക്ക: സൗദി അറേബ്യയിലെ മക്ക മേഖലയിൽ രണ്ട് ബംഗ്ലാദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയ സംഭവത്തിൽ വിശദമായ വിവരങ്ങൾ തേടി ബംഗ്ലാദേശ് സർക്കാർ. വധശിക്ഷക്ക് ആധാരമായ കുറ്റങ്ങൾ, കോടതി വിധികൾ, ശിക്ഷ നടപ്പാക്കിയ രീതി, മൃതദേഹങ്ങളുടെ നിലവിലെ സ്ഥിതി, വിചാരണക്കിടെ നിയമസഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ് സൗദി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശി മാധ്യമമായ പ്രോതോം ആലോയുടെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 19ന് ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് ജനറൽ മക്കയിലെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശാഖയ്ക്ക് നയതന്ത്ര കത്ത് അയച്ചു. ഇതേ ദിവസം സൗദി വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനുമായും ബംഗ്ലാദേശ് കോൺസൽ ജനറൽ വിഷയം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
മക്കയിലെ പള്ളിയിൽ കുറ്റകൃത്യ ആരോപണം
മക്കയിലെ ഒരു പള്ളിക്കുള്ളിൽ അനുചിതമായ പ്രവൃത്തി നടത്തിയെന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട രണ്ട് ബംഗ്ലാദേശി പൗരന്മാരുടെ വധശിക്ഷ ഒക്ടോബർ 14-നാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് വധശിക്ഷയ്ക്ക് ഇരയായത്.
കേസിന്റെ വിശദാംശങ്ങൾ, കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന തീയതിയും സ്ഥലവും, ഇരുവരെയും അറസ്റ്റ് ചെയ്ത തീയതികൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത തേടുകയാണ് ബംഗ്ലാദേശ്. കോടതി വിധികളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ധാക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കിയത് എങ്ങനെ?
സൗദി അധികൃതർക്ക് അയച്ച നയതന്ത്ര കത്തിൽ പ്രധാനമായും ആറ് കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇരുവർക്കുമെതിരെ ചുമത്തിയ കുറ്റങ്ങളും കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സാഹചര്യങ്ങളും.
അറസ്റ്റ് ചെയ്ത തീയതികളും കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും.
കോടതി വിധികളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
വധശിക്ഷ നടപ്പാക്കിയ രീതി- ശിരഛേദമാണോ അതോ മറ്റേതെങ്കിലും രീതിയാണോ എന്നത്.
മൃതദേഹങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്, ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമോ, അതോ സൗദി അറേബ്യയിൽ സംസ്കരിച്ചോ എന്നത്.
അന്വേഷണത്തിന്റെയും വിചാരണയുടെയും ഘട്ടങ്ങളിൽ അഭിഭാഷകരുടെ സേവനം ലഭിച്ചിരുന്നോ, പ്രതികൾ നിയമസഹായം ആവശ്യപ്പെട്ടിരുന്നോ എന്നത്.
വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ബംഗ്ലാദേശിന്റെ നയതന്ത്ര ദൗത്യങ്ങൾക്ക് മതിയായ വിവരങ്ങൾ ലഭിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രോതോം ആലോ റിപ്പോർട്ട് ചെയ്തു.
തടവുകാരുടെ പട്ടികയിൽ ശിക്ഷാ വിവരങ്ങളില്ലെന്ന് റിപ്പോർട്ട്
സെപ്റ്റംബറിൽ സൗദി അധികൃതർ കൈമാറിയ ബംഗ്ലാദേശി തടവുകാരുടെ പട്ടികയിൽ ഇരുവരുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. വ്യഭിചാരക്കുറ്റവും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കുറ്റവും പട്ടികയിൽ പരാമർശിച്ചിരുന്നെങ്കിലും ശിക്ഷ സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നാണ് വിവരം.
സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷകളെക്കുറിച്ച് പിന്നീട് നൽകിയ ഔദ്യോഗിക വിശദീകരണവും നേരത്തേ കൈമാറിയ രേഖകളിലെ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ധാക്ക കൂടുതൽ വിശദീകരണം തേടാൻ കാരണമായത്.
അതേസമയം, വധശിക്ഷ നടപ്പാക്കിയതായി അറിയുന്നതിന് മുമ്പ് സൗദി അധികൃതരിൽനിന്ന് വിശദമായ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥർ പറഞ്ഞതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു.
തടവുകാരെ കുറിച്ചും വിവരങ്ങൾ തേടുന്നു
സൗദി അധികൃതർ കൈമാറിയ തടവുകാരുടെ പട്ടികയിൽ പേരുകളുണ്ടെങ്കിലും ശിക്ഷ വ്യക്തമാക്കിയിട്ടില്ലാത്ത 20 ബംഗ്ലാദേശി പൗരന്മാരെക്കുറിച്ചും ധാക്ക വിവരങ്ങൾ തേടിയതായി ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
വധശിക്ഷകളുമായി ബന്ധപ്പെട്ട വിഷയം ധാക്കയിലെ സൗദി അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോൺസുലേറ്റ് ഒക്ടോബർ 19ന് അയച്ച ഏറ്റവും പുതിയ നയതന്ത്ര കത്തിന് സൗദി അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് ബംഗ്ലാദേശ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രോതോം ആലോ വ്യക്തമാക്കുന്നത്.
വധശിക്ഷയുടെ നിയമപരമായ നടപടിക്രമങ്ങൾ, പ്രതികൾക്ക് ലഭിച്ച നിയമസഹായം, മൃതദേഹങ്ങൾ സംബന്ധിച്ച തീരുമാനം എന്നിവയിൽ സൗദിയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ബംഗ്ലാദേശ്.


