...
Home News ഇന്ത്യയോടേറ്റ തോൽവി: സ്റ്റേഡിയം വിട്ട് പാക് ബോർഡ് ചെയർമാൻ; മാനേജറോട് പൊട്ടിത്തെറിച്ചു

ഇന്ത്യയോടേറ്റ തോൽവി: സ്റ്റേഡിയം വിട്ട് പാക് ബോർഡ് ചെയർമാൻ; മാനേജറോട് പൊട്ടിത്തെറിച്ചു

ഈ തോൽവി നഖ്‌വിയുടെ ഔദ്യോഗിക പദവിക്കും ഭീഷണിയായേക്കാം എന്ന് സൂചനകളുണ്ട്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും നഖ്‌വിയും തമ്മിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് ഇതിന് ഒരു പ്രധാന കാരണം.

297

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാനും മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി കടുത്ത അമർഷം രേഖപ്പെടുത്തി. കൊളംബോയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്താൻ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ, മത്സരഫലം പുറത്തുവരുന്നതിന് മുൻപേ തന്നെ നഖ്‌വി സ്റ്റേഡിയം വിട്ടു. ഈ തോൽവി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ടീം മാനേജ്‌മെന്റിനെതിരെയും താരങ്ങൾക്കെതിരെയും കടുത്ത നിലപാടിലാണ്.

പാകിസ്താൻ ബാറ്റിങ് നിര പരാജയത്തോടടുക്കുന്ന ഘട്ടത്തിലാണ് ചെയർമാൻ മൊഹ്സിൻ നഖ്‌വി ഗാലറിയിൽ നിന്ന് മടങ്ങിയത്. കളി പൂർത്തിയാവാൻ കാത്തുനിൽക്കാതെ അദ്ദേഹം കാറിൽ സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ ടീം മാനേജറായ നവേദ് അക്രം ചീമയോട് അദ്ദേഹം പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യയോടേറ്റ തോൽവി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം ടീം അധികൃതരെ അറിയിച്ചത്.

ടൂർണമെന്റിന് മുൻപേ തന്നെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് മൊഹ്സിൻ നഖ്‌വി. ബംഗ്ലാദേശ് ടീം പിന്മാറിയതിന് പിന്നാലെ ഐസിസിക്കെതിരെ ഭീഷണി മുഴക്കിയ നഖ്‌വി, പാകിസ്താൻ സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ ലോകകപ്പിൽ പങ്കെടുക്കൂ എന്ന നിലപാടിലായിരുന്നു. ഐസിസി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തേണ്ടെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഒടുക്കം ഐസിസിയുടെ അനുരഞ്ജന ശ്രമങ്ങൾക്കൊടുവിലാണ് പാക് ടീം മത്സരത്തിനിറങ്ങിയത്.

ഈ തോൽവി നഖ്‌വിയുടെ ഔദ്യോഗിക പദവിക്കും ഭീഷണിയായേക്കാം എന്ന് സൂചനകളുണ്ട്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും നഖ്‌വിയും തമ്മിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് ഇതിന് ഒരു പ്രധാന കാരണം. മുൻപ് സൈനിക മേധാവിയെ പരാമർശിച്ച് നഖ്‌വി നടത്തിയ പ്രസ്താവനകൾ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ അസിം മുനീർ അതൃപ്തി പ്രകടിപ്പിച്ചതായും നഖ്‌വി സ്ഥാനത്ത് നിന്ന് തെറിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പാക് ടീമിലും വലിയ മാറ്റങ്ങൾക്ക് ഈ തോൽവി വഴിവെക്കുമെന്ന് കരുതപ്പെടുന്നു. സീനിയർ താരങ്ങളെയും തന്റെ മരുമകനെയടക്കം ടീമിൽ നിന്ന് പുറത്താക്കണമെന്ന് മുൻ താരം ഷാഹിദ് അഫ്രീദി ആവശ്യപ്പെട്ടു കഴിഞ്ഞു. ഡ്രസ്സിങ് റൂമിൽ താരങ്ങൾ തകർന്നിരിക്കുന്നതായും പുറത്ത് ആരാധകർ പ്രതിഷേധത്തിന്റെ ഭാഗമായി ടിവി തല്ലിപ്പൊളിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ത്യക്കെതിരായ പരാജയത്തിന് ശേഷം സൂപ്പർ 8-ൽ കടക്കാൻ പാകിസ്താന് ഇനി മറ്റ് ടീമുകളുടെ ഫലങ്ങളെ കൂടി ആശ്രയിക്കേണ്ടി വരും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.