മുംബൈ/ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) മുംബൈ ശിവാജി പാർക്കിൽ ആരംഭിച്ച ‘ജയിൽ നിറയ്ക്കൽ സമരം 2.0’ ന് വൻ ജനപങ്കാളിത്തം. സമരത്തിന്റെ ഭാഗമായി ശിവാജി പാർക്കിൽ ഒത്തുകൂടാൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. വൈകീട്ട് 6.30 വരെയാണ് മൈക്ക് ഉപയോഗിക്കുന്നതിന് അധികാരികൾ അനുമതി നൽകിയിട്ടുള്ളത്.
അതേസമയം, സമരത്തിനിടയിലെ ചില വ്യത്യസ്തമായ കാഴ്ചകളും ശ്രദ്ധേയമായി. പ്രതിഷേധത്തിനിടയിൽ പാറ്റകൾ മുംബൈ പോലീസിനെയും മാധ്യമങ്ങളെയും പിന്തുണച്ചുകൊണ്ട് “മുംബൈ പോലീസ് വീ ലവ് യൂ, മീഡിയ വീ ലവ് യൂ” എന്ന മുദ്രാവാക്യം മുഴക്കിയത് കൗതുകമുണർത്തി.
ഡൽഹി ജന്തർമന്ദറിൽ സംഘർഷം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്ദറിൽ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സമരസ്ഥലത്തുണ്ടായിരുന്നവരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, എംപിമാരായ എഎ റഹീം, ജെയ്ക് സി.തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമരത്തിന്റെ തീവ്രത വർദ്ധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ മുൻകരുതൽ എന്ന നിലയിൽ അടച്ചുപൂട്ടി. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതുവരെ പത്തോളം ബസുകളിലായാണ് അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും നീക്കം ചെയ്തത്.
നൂറുകണക്കിന് മലയാളികളാണ് ജന്തർമന്ദറിലെ പ്രതിഷേധത്തിൽ പങ്കാളികളാകാനായി എത്തിയത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.


