ശബരിമലയുടെ തന്ത്രിയായി കണ്ഠരർ ബ്രഹ്മദത്തനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചു. നിലവിലെ തന്ത്രി കണ്ഠരർ രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പ്രസിഡന്റ് കെ. ജയകുമാറിൻ്റ അധ്യക്ഷതയിലായിരുന്നു യോഗം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ തന്ത്രിസ്ഥാനം വഹിക്കാൻ കഴിയില്ലെന്ന് അറിയിച്ച് കണ്ഠരർ രാജീവർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. തൻ്റെ അഭാവത്തിൽ മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയോഗിക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും, ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോർഡിനാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ള വിദഗ്ധ തന്ത്രിമാർ അംഗങ്ങളായ മൂന്നംഗ സമിതിയെ ബോർഡ് നിയോഗിച്ചു.
സമിതി നടത്തിയ വിലയിരുത്തലിൽ കണ്ഠരർ ബ്രഹ്മദത്തന് ആവശ്യമായ താന്ത്രിക പരിജ്ഞാനവും പൂജാവിധികളിൽ വൈദഗ്ധ്യവും ഉണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചു. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ ബോർഡ് തീരുമാനിച്ചത്.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ കണ്ഠരർ ബ്രഹ്മദത്തനായിരിക്കും തന്ത്രസ്ഥാനത്ത് ചുമതല വഹിക്കുക.


