...
Home News National വിശ്വാസികൾ ശബരിമലയിലെ ആചാരം ചോദ്യം ചെയ്‌തിട്ടില്ല: സുപ്രീം കോടതി

വിശ്വാസികൾ ശബരിമലയിലെ ആചാരം ചോദ്യം ചെയ്‌തിട്ടില്ല: സുപ്രീം കോടതി

മന്ത്രവാദം ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങളില്‍ നിയമം ഇല്ലെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും സുപ്രീം കോടതി

231

ശബരിമല സ്ത്രീപ്രവേശന വിധിയിലെ റഫറന്‍സില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വിശ്വാസികള്‍ അല്ലാത്തവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി 2006ല്‍ തന്നെ തള്ളേണ്ടതായിരുന്നു എന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ശബരിമല ഹര്‍ജിയിലൂടെ നീതിന്യായ വ്യവസ്ഥയെ അദൃശ്യരായ ഇരകളാക്കി എന്നാണ് ചീഫ് ജസ്റ്റിസിൻ്റെ വിമര്‍ശനം. ചില ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയുമെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.

റഫറന്‍സിലെ രണ്ടാം ദിവസത്തെ വാദത്തിനിടെയാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൻ്റെ സുപ്രധാന നിരീക്ഷണം. 2006ല്‍ ഹര്‍ജി നല്‍കിയവര്‍ വിശ്വാസികളല്ല. ശബരിമലയിലെ ആചാരം വിശ്വാസികള്‍ കോടതിയില്‍ ചോദ്യം ചെയ്‌തിട്ടില്ല. വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി എങ്ങനെ പരിഗണിക്കാൻ ആവുമെന്ന് കോടതി ചോദിച്ചു.

ക്ഷേത്രവുമായി ബന്ധമില്ലാത്തവരാണ് ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യ ഹര്‍ജി അന്നേ തള്ളേണ്ടതായിരുന്നു എന്നും ജസ്റ്റിസ് ബിവി നാഗരത്ന നിരീക്ഷിച്ചു. നീതിന്യായ വ്യവസ്ഥയെ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ സംഘടനകള്‍ ഉപയോഗിക്കുന്നതില്‍ ചീഫ് ജസ്റ്റിസും വിമര്‍ശനമുയര്‍ത്തി. അത്തരം കാര്യങ്ങളില്‍ നിയമ നിര്‍മ്മാണ സഭയാണ് അവസാന വാക്ക് എന്ന് പറയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കോടതികള്‍ ഒന്നും പറയരുത് എന്ന് നിലപാട് എടുക്കാനാവില്ല. മന്ത്രവാദത്തെ മതാചാരമായി കാണാനാകുമോ എന്നും മന്ത്രവാദം ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങളില്‍ നിയമം ഇല്ലെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം അനാചാരങ്ങളെ തടയാന്‍ കോടതിക്ക് അധികാരമില്ലേയെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്‌ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ വാദം കേള്‍ക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.