കണ്ണൂർ: പയ്യന്നൂർ സിവി ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. കേസിലെ ഒന്നാം പ്രതി ടിപി ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കൊലപാതകക്കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം, നാലാം പ്രതി മുതൽ ഇരുപതാം പ്രതി വരെയുള്ളവരെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടു. കേസിൽ ഉച്ചയ്ക്ക് ശേഷമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
കൊലപാതകത്തിന്റെ ഗൂഢാലോചനയും രാഷ്ട്രീയ പ്രേരണയും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസ യോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സാക്ഷിയുടെ മൊഴിയിലെ വിശ്വാസ്യതക്കുറവാണ് നാലും അഞ്ചും ആറും പ്രതികളെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
447, 341, 123, 326, 160, 302 എന്നീ വകുപ്പുകളാണ് കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ടിപി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ടത്. സി. സുകേഷ്, കെവി പ്രജിത്ത് ലാൽ, കെ. അനൂപ്, പണ്ടാരവളപ്പിൽ രാജേഷ്, കെഎം ബിജു, പി. രാജേഷ് കുമാർ, കെ. മനൂപ്, സി. ഷൈജു, ധനേഷ്, പിപി രാജീവൻ, മധു, എസ്.ആർ രാജേഷ്, മനിയേരി തമ്പാൻ, രമേശൻ, എപി നിജേഷ്, ലിജിൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങളാണ്.
കേസിലെ 12-ാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
2016 ജൂലൈ 11ന് ക്രൂരമായ കൊലപാതകം
2016 ജൂലൈ 11-നാണ് പയ്യന്നൂരിൽ സിവി ധനരാജ് കൊല്ലപ്പെട്ടത്. രാത്രി വഴിയരികിൽ പതിയിരുന്ന ആർഎസ്എസ്- ബിജെപി പ്രവർത്തകരായ പ്രതികൾ ധനരാജിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ധനരാജിനെ അക്രമികൾ പിന്തുടർന്നു. വീടിന്റെ പിൻഭാഗത്ത് വെച്ചും വീണ്ടും വെട്ടിവീഴ്ത്തി.
അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകം കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.


