...
Home News National പാകിസ്ഥാനിലേക്കുള്ള യാത്ര, ആദിലിനെ പഹല്‍ഗാം ആക്രമണത്തിൻ്റെ സൂത്രധാരനാക്കി?

പാകിസ്ഥാനിലേക്കുള്ള യാത്ര, ആദിലിനെ പഹല്‍ഗാം ആക്രമണത്തിൻ്റെ സൂത്രധാരനാക്കി?

ബെയ്‌സരണ്‍ മേഖലയിലാണ് ആദിലിൻ്റെ സമീപകാല നീക്കങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്

256

അനന്ത്‌നാഗില്‍ നിന്നുള്ള ആദില്‍ ഹുസൈന്‍ തോക്കര്‍ ലഷ്‌കര്‍ ഇ-തൊയ്ബ കമാന്‍ഡര്‍മാരായ സൈഫുള്ള കസൂരി, അബു മൂസ എന്നിവരുടെ ഒത്താശയോടെയാണ് കാശ്‌മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്‌തിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വാലി മുഹമ്മദ് തോക്കറിൻ്റെ മകനാണ് ആദില്‍ ഹുസൈന്‍.

ഏപ്രില്‍ 22ന് ബെയ്‌സരണില്‍ നടന്ന ഭീകര ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇത് രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി. ഇതിനെതിരെ ശക്തമായ നടപടികളാണ് ഭാരത സര്‍ക്കാര്‍ കൈകൊണ്ടത്. പാക്കിസ്ഥാനെ സാമ്പത്തികമായി തകര്‍ക്കുന്ന സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള നടപടികള്‍ തിരിച്ചടിക്കാനായി ഇന്ത്യ സ്വീകരിച്ചു.

പഹല്‍ഗാം ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്‍ ആദില്‍ ഹുസൈനെയും സഹായികളെയും കണ്ടെത്തുന്നതിനുള്ള വ്യാപകമായ തിരച്ചിലിലാണ് ഇന്ത്യന്‍ സൈന്യവും അന്വേഷണ ഉദ്യോഗസ്ഥരും. 2018ല്‍ തെക്കന്‍ കാശ്‌മീരില്‍ നടന്ന തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതോടെയാണ് ആദില്‍ ഹുസൈന്‍ തോക്കര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോള്‍ 20 വയസ്സാണ് ഇയാൾക്ക്.

2018ല്‍ തൻ്റെ കൗമാര പ്രായത്തില്‍ തന്നെ വാഗ അതിര്‍ത്തി വഴി അംഗീകൃത യാത്രാ രേഖ (വാലിഡ് ട്രാവല്‍ ഡോക്യുമെന്റ്) ഉപയോഗിച്ച് ആദില്‍ പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. പിന്നീട് ആദിലിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താമസിയാതെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയില്‍ അദ്ദേഹം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

2024ല്‍ രജൗരി പൂഞ്ച് പ്രദേശത്ത് അദ്ദേഹത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം ആദ്യം അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികള്‍ക്കൊപ്പം ആദിലിനെ വീണ്ടും കണ്ടിരുന്നുവെന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു.

2024ല്‍ നിയന്ത്രണ രേഖയിലൂടെ അയാള്‍ ഇന്ത്യയിലേക്ക് വീണ്ടും നുഴഞ്ഞു കയറിയതായും ജമ്മു മേഖലയിലെ ദോഡ, കിഷ്ത്വര്‍ പ്രദേശങ്ങളില്‍ സജീവമായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ബെയ്‌സരണ്‍ മേഖലയിലാണ് ആദിലിൻ്റെ സമീപകാല നീക്കങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്. ഭീകരവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായാണ് ആദില്‍ ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രവര്‍ത്തിക്കുന്നത് പഹല്‍ഗാം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിൻ്റെയും ലഷ്‌കര്‍ ഇ-തൊയ്ബയുടെയും നിയന്ത്രണത്തിലാണ്.

കൊക്കര്‍നാഗ് ഗഡൂര്‍ ഭീകര ആക്രമണത്തില്‍ ഉള്‍പ്പെട്ട, കൊല്ലപ്പെട്ട തീവ്രവാദി കമാന്‍ഡര്‍ ഉസൈറിൻ്റെ അടുത്ത സഹായി ആയിരുന്നു ആദിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎസ് നിര്‍മ്മിത എം-4 റൈഫിളും എകെ 47 ഉം 56 ഉം ഉപയോഗിച്ചാണ് ആദില്‍ ഉള്‍പ്പെടുന്ന നാലോ അഞ്ചോ ഭീകരരുടെ സംഘം പഹല്‍ഗാമില്‍ ആക്രമണം നടത്തിയതെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിന് ദൃക്‌സാക്ഷികളായ വിനോദ സഞ്ചാരികള്‍ ആദിലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ ആയുധങ്ങളുമായി ബെയ്‌സരണ്‍ താഴ്‌വരയെ ചുറ്റപ്പെട്ടുകിടക്കുന്ന ഇടതൂര്‍ന്ന പൈന്‍മര കാടുകളിലേക്ക് അപ്രത്യക്ഷരായി. നാല് ഭീകരര്‍ സൈനിക വേഷത്തിലാണ് ആക്രമണം നടത്തിയത്.

പുറത്തുനിന്നെത്തിയ ഭീകര്‍ക്ക് പുറമേ ലഷ്‌കര്‍ ഇ-തൊയ്ബയുമായി ബന്ധമുള്ള അനന്ത്‌നാഗ് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും ആക്രമണത്തില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ആദിലിൻ്റെ വീട് വ്യാഴാഴ്‌ച അധികൃതര്‍ തകര്‍ത്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.