...
Home News Kerala വയനാടിന്റെ കണ്ണീരൊപ്പാൻ മോദി വരുമെന്ന് നിങ്ങൾ കരുതിയോ?

വയനാടിന്റെ കണ്ണീരൊപ്പാൻ മോദി വരുമെന്ന് നിങ്ങൾ കരുതിയോ?

ദുരന്തസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നേരിട്ട് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യവും വ്യക്തമായിരുന്നു. പ്രോട്ടോക്കോൾ വിട്ട് ദുരന്തത്തിനിരയായ കുടുംബത്തിലെ കുട്ടികളെ മോദി കൈകളിൽ എടുത്തുകൊണ്ട് സംസാരിച്ചപ്പോള്‍ ഇതിനെയെല്ലാം കേരളത്തിനുള്ള സാന്ത്വനം ആയി കേരളം കണ്ടു.

260

ഇന്ത്യ ഈ വർഷത്തിൽ കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു വയനാട് ജില്ലയിൽ ഉണ്ടായത് . ഏകദേശം 420 പേരുടെ ജീവനാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ട്ടമായത് . നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ധാരാളം പേര്‍ക്ക് പരുക്കേറ്റു, നൂറിലധികം കുടുംബങ്ങള്‍ ഭവനരഹിതരുമായി.

ദുരന്തസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നേരിട്ട് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യവും വ്യക്തമായിരുന്നു. പ്രോട്ടോക്കോൾ വിട്ട് ദുരന്തത്തിനിരയായ കുടുംബത്തിലെ കുട്ടികളെ മോദി കൈകളിൽ എടുത്തുകൊണ്ട് സംസാരിച്ചപ്പോള്‍ ഇതിനെയെല്ലാം കേരളത്തിനുള്ള സാന്ത്വനം ആയി കേരളം കണ്ടു.

തുടർന്നുനടന്ന മീറ്റിങ്ങിലും അദ്ദേഹം സംബന്ധിച്ചു. പുനരധിവാസത്തിന് പണം ഒരു തടസ്സമാവില്ല എന്ന പ്രസ്താവനയും നടത്തി. പക്ഷെ കേരളത്തിനുള്ള സഹായം കടലാസിലൊതുങ്ങി. ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനത്തിനോടുള്ള കേന്ദ്ര അവഗണന വ്യക്തമാക്കുന്നതാണ് കേന്ദ്രം അനുവദിച്ച പ്രളയസഹായ കണക്കുകള്‍.

രാജ്യത്താകെയുള്ള 14 പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കായി 5858 കോടിയാണ് കേന്ദ്രം നല്‍കിയത്. ഈ വർഷം ഒക്ടോബര്‍ ആദ്യവാരമാണ് കേന്ദ്രം സഹായധനം നല്‍കിയത്. മഹാരാഷ്‌ട്രയ്‌ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, പശ്ചിമബംഗാള്‍ 468 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്‌ക്ക് 416.80 കോടി, ത്രിപുരയ്‌ക്ക് 25 കോടി എന്നിങ്ങനെയാണ് തുക അനുവദ‌ിച്ചത്.

മഹാരാഷ്ട്രയ്ക്ക് ലഭ്യമായ തുകയുടെ പത്തിലൊന്ന് പോലും കേരളത്തിന് ലഭിച്ചില്ല. കേരളത്തിനോടുള്ള അവഗണനയുടെ സാക്ഷ്യപത്രമാണ്‌ ഈ കണക്ക്. 2000 കോടിയാണ് വയനാട് ദുരന്തബാധിത സഹായമായി കേരളം ആവശ്യപ്പെട്ടത്. ഒരു സഹായവും അനുവദിച്ചില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.