രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന റെക്കോർഡുമായി അധികാരമേറ്റ ദിയ ബിനു പുളിക്കക്കണ്ടത്തിന് പാലാ നഗരസഭയുടെ ഭരണം നഷ്ടമായി. യുഡിഎഫും സ്വതന്ത്രരും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളൽ മുതലെടുത്ത് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിംഗിലൂടെ പാസായതോടെയാണ് ദിയയ്ക്ക് കസേര ഒഴിയേണ്ടി വന്നത്. 2026-ൽ അധികാരമേറ്റ് ഒരു വർഷം തികയ്ക്കുന്നതിന് മുൻപേയാണ് ഈ നാടകീയമായ അട്ടിമറി നടന്നത്.
പാലാ നഗരസഭയിലെ 26 അംഗങ്ങളിൽ 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. എന്നാൽ പ്രമേയത്തെ 17 പേർ അനുകൂലിച്ചതോടെ ദിയ പുളിക്കക്കണ്ടം പുറത്തായി. എൽഡിഎഫിലെ 12 അംഗങ്ങൾക്കൊപ്പം കോൺഗ്രസിലെ നാല് അംഗങ്ങളും വിമതയായി മത്സരിച്ചു ജയിച്ച വൈസ് ചെയർപേഴ്സൺ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു വോട്ട് ചെയ്യുകയായിരുന്നു.
കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസി കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. അതേസമയം, കോൺഗ്രസ് അംഗങ്ങളായ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നിവരും കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും മാണി സി. കാപ്പന്റെ പാർട്ടി പ്രതിനിധിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തങ്ങളുടെ നിലപാട് കെപിസിസിയെയും കോൺഗ്രസ് നേതൃത്വത്തെയും കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിമത നീക്കത്തിന് നേതൃത്വം നൽകിയ ബിജു മാത്യൂസ് പ്രതികരിച്ചത്. സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിൽക്കാത്ത ഭരണരീതിയായിരുന്നു നഗരസഭയിൽ ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദമായ വിപ്പ് നൽകലിനെക്കുറിച്ച് ബിജു മാത്യൂസ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. താൻ വിപ്പ് കണ്ടിട്ടില്ലെന്നും ശരിയായ രീതിയിൽ അത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയുള്ള രാത്രിയിൽ 10 മണിക്ക് ശേഷം വീടുകളിൽ വിപ്പ് ഒട്ടിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും, ഇത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയിലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനമാണ് ഭരണമുന്നണിയിൽ ഭിന്നത രൂക്ഷമാക്കിയത്. സ്വതന്ത്ര അംഗങ്ങളായ അധ്യക്ഷയും മറ്റും ഇടതുപക്ഷ നീക്കത്തിന് ഒത്താശ ചെയ്തുവെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരിക്കില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ നേരത്തെ തന്നെ പ്രമേയം പാസാക്കിയിരുന്നു.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട മോഷണക്കുറ്റം ഉൾപ്പെടെയുള്ള പരാതികൾ രാഷ്ട്രീയ പ്രേരിതമാണെന്നും ബിജു മാത്യൂസ് ആരോപിച്ചു. കൊട്ടാരമറ്റം ഓട്ടോറിക്ഷാ സ്റ്റാൻഡുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടതാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ വരാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിനും നീതിക്കും ഒപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിലവിലെ ഭരണസമിതിക്കെതിരെ നേരത്തെ തന്നെ പ്രമേയം പാസാക്കിയിരുന്നതായും മണ്ഡലം കമ്മിറ്റിയുടെ വികാരത്തിനനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നും ബിജു മാത്യൂസ് പറഞ്ഞു. തങ്ങൾ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്നും മറിച്ച് പ്രാദേശികമായ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
നഗരസഭയിൽ അവിശ്വാസം വിജയിച്ചതോടെ ഇനി ആര് അധികാരത്തിലെത്തും എന്നതിനെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. കോൺഗ്രസ് കൗൺസിലർ ചെയർപേഴ്സൺ സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും ബിജു മാത്യൂസ് സൂചിപ്പിച്ചു. കേരള കോൺഗ്രസ് (എം) – കോൺഗ്രസ് പുതിയ സമവാക്യങ്ങൾ പാലായിൽ രൂപപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
സ്വതന്ത്ര സ്ഥാനാർഥികളായി ജയിച്ച പിതാവ് ബിനു പുളിക്കക്കണ്ടത്തിന്റെയും സഹോദരന്റെയും പിന്തുണയോടെയാണ് ദിയ അധ്യക്ഷ പദവിയിലെത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സണാക്കി യുഡിഎഫ് ഭരണം ഉറപ്പിക്കുകയായിരുന്നു. എന്നാൽ അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസ് നേതൃത്വവുമായി പുളിക്കക്കണ്ടം കുടുംബം ഉടക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യ വിധിയെ താൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന് ദിയ പ്രതികരിച്ചു.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ടെന്നും ദിയ പറഞ്ഞു. പദവികൾ വരും, പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് താൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.


