ഓപ്പറേഷനിടെ രോഗിയുടെ തലയോട്ടി തുരക്കാന്‍ പതിമൂന്ന് വയസുകാരിയായ മകളെ അനുവദിച്ച ന്യൂറോസര്‍ജനെതിരെ അന്വേഷണം. ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ആശുപത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. ഗ്രാസിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 2024 ജനുവരിയിലാണ്, 33 കാരനായ യുവാവ് ചികിത്സ തേടിയെത്തിയത്. ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് യുവാവിനെ ഈ ആശുപത്രിയിൽ എത്തിച്ചത്.
പ്രായപൂര്‍ത്തി ആകാത്ത മകളെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറാന്‍ അനുവദിച്ച വനിതാ ന്യൂറോസര്‍ജൻ്റെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിൻ്റെ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായാണ് ആശുപത്രി വിട്ടതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് ഓപ്പറേഷന്‍ തിയേറ്ററിലെ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. ഇതേപ്പറ്റി വിവരം ലഭിച്ച ചിലര്‍ പബ്ലിക് പ്രോസിക്യൂട്ടറിൻ്റെ ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പങ്കിനെപ്പറ്റി വെളിപ്പെടുത്തിയത്.
തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയത്. ഓപ്പറേഷന്‍ നടത്തിയ വനിതാ സര്‍ജനെയും അവരോടൊപ്പം ഉണ്ടായിരുന്ന സീനിയര്‍ സര്‍ജനെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് ഡോക്ടര്‍മാരോടൊപ്പം ഉണ്ടായിരുന്ന അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷന് വിധേയനായ യുവാവും ആശുപത്രിയ്‌ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്. തൻ്റെ ഓപ്പറേഷനില്‍ 13കാരി പങ്കെടുത്തെന്ന കാര്യം വാർത്താ മാധ്യമങ്ങള്‍ വഴിയാണ് താന്‍ അറിഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. ഇതോടെയാണ് ആശുപത്രിയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പീറ്റര്‍ ഫ്രീബെര്‍ഗര്‍ എന്ന അഭിഭാഷകനാണ് യുവാവിന് വേണ്ടി കേസ് വാദിക്കുന്നത്.
തൻ്റെ കക്ഷിയ്ക്ക് നേരിടേണ്ടി വന്ന വേദനയ്ക്ക് തക്കതായ നഷ്‌ടപരിഹാരം ലഭിക്കണമെന്നും അഭിഭാഷകനായ പീറ്റര്‍ ഫ്രീബെര്‍ഗര്‍ പറഞ്ഞു. സര്‍ജറി വിജയകരം ആയിരുന്നുവെങ്കിലും നിലവില്‍ ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് തൻ്റെ കക്ഷിയെന്നും അഭിഭാഷകന്‍ പറഞ്ഞു.



