...
Home News ജാതി, അതിവിടെ ഇല്ലെന്ന് നിങ്ങളിനിയും പറയരുത്

ജാതി, അതിവിടെ ഇല്ലെന്ന് നിങ്ങളിനിയും പറയരുത്

ഭക്ഷണം മോഷ്ടിച്ച, മാനസീക പ്രശ്നങ്ങൾ ഉള്ള, ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി അടിച്ചും ഇടിച്ചും കൊന്ന മനുഷ്യരുള്ള നാട്ടിൽ, കിലോ കണക്കിന് സ്വർണ്ണം മോഷ്ടിച്ച പോറ്റിമാർക്കും മേൽശാന്തിമാർക്കും, ക്ഷേത്രം നടത്തിപ്പുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ ഒരു പ്രതിഷേധം പോലുമില്ല.

460

| ശരണ്യ എം ചാരു

ജാതി, സാമ്പത്തികാവസ്ഥ, നിറം, പ്രിവിലേജ്, എന്നിവ കുറ്റകൃത്യങ്ങളിലെ നീതി നടപ്പിലാക്കലിൽ വർക്ക് ആകുന്നത് എങ്ങിനെ എന്നറിയണമെങ്കിൽ നിങ്ങളൊന്ന് ചുറ്റിലും നോക്കിയാൽ മതി. വീട്ടു ജോലിക്കാരിയായിരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ഉയർന്ന വിദ്യാഭ്യാസമോ, ജാതിയിൽ ഉയർന്ന സ്ഥാനമോ ഇല്ലാത്ത ഒരു ദളിത് സ്ത്രീയെ ഇല്ലാത്ത മോഷണക്കേസിൽ കുടുക്കാൻ പൊലീസ് കാണിച്ച ശുഷ്‌കാന്തി കേരളം കണ്ടതാണ്.

മാല മോഷ്ടിച്ചെന്ന കേസിൽ ഒരു പാവം സ്ത്രീയെ രാത്രിക്ക് രാത്രി കസ്റ്റഡിയിൽ എടുക്കാനും, വെള്ളം വേണമെങ്കിൽ ബാത്റൂമിലെ പൈപ്പിൽ നിന്ന് എടുത്തു കുടിക്കാനും പറഞ്ഞ പൊലീസുള്ള നാട്ടിലാണ്, ശബരിമല പോലെ കോടിക്കണക്കിന് രൂപ വരുമാനമുള്ളൊരു ക്ഷേത്രത്തിൽ നിന്ന്, കോടിക്കണക്കിന് ഭക്തരെത്തുന്ന ഇടത്തുനിന്ന് കിലോ കണക്കിന് സ്വർണ്ണം മോഷണം പോയിരിക്കുന്നത്. അത് കട്ടവന്മാരെ കള്ളനെന്ന് വിളിക്കാനോ, രാത്രിക്ക് രാത്രി പിടിച്ചു സ്റ്റേഷനിൽ ഇരുത്താനോ, കക്കൂസിൽ നിന്ന് വെള്ളമെടുത്തു കുടിക്കാനോ പറയാൻ ആർക്കും തോനാത്തതിന്റെ പേരാണ് പ്രിവിലേജ്.

ജാതി, നിറം, സമ്പത്ത്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പ്രിവിലേജുകൾ നീതി നടപ്പാക്കലിൽ വർക്ക് ആകുന്നതിലെ വ്യത്യാസം ഇതിൽ കൂടുതൽ വ്യക്തമായി പറഞ്ഞു തരാൻ കഴിയില്ല. ഭക്ഷണം മോഷ്ടിച്ച, മാനസീക പ്രശ്നങ്ങൾ ഉള്ള, ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി അടിച്ചും ഇടിച്ചും കൊന്ന മനുഷ്യരുള്ള നാട്ടിൽ, കിലോ കണക്കിന് സ്വർണ്ണം മോഷ്ടിച്ച പോറ്റിമാർക്കും മേൽശാന്തിമാർക്കും, ക്ഷേത്രം നടത്തിപ്പുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ ഒരു പ്രതിഷേധം പോലുമില്ല. അതിന്റെ പേരാണ് ജാതി. അതാണ് പ്രിവിലേജ്.

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിൽ നിന്ന്, ഭക്തർ കാണിക്കയായി നൽകിയ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വാർത്തകൾ വരികയാണ്. എങ്ങും പ്രതിഷേധങ്ങളില്ല, എന്തിന് ആരും അതേകുറിച്ചു മിണ്ടുന്നു പോലുമില്ല. അതിന്റെ പേരാണ് പ്രിവിലേജ്. ക്ഷേത്രം ഭരിക്കുന്നവർക്ക് കക്കാം, അത് കൊണ്ടോയി നക്കാം. ആരും ചോദിക്കാനും പോകില്ല, പറയാനും പോകില്ല. സവർണ്ണന് കിട്ടുന്ന പ്രത്യേകമായ ആ ആനുകൂല്യത്തിന്റെ പേരാണ് മനുഷ്യരെ ജാതി. അതിവിടെ ഇല്ലെന്ന് നിങ്ങളിനിയും പറയരുത്. പച്ചവെള്ളം പോലെ തെളിഞ്ഞു കിടക്കയാണത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.