...
Home News Kerala റോബോട്ടുകളെ ഇറക്കി ജോയിയെ കണ്ടെത്താന്‍ പരിശോധന; രണ്ട് ജന്‍ റോബോട്ടുകള്‍ ടണലിൽ ഇറക്കി

റോബോട്ടുകളെ ഇറക്കി ജോയിയെ കണ്ടെത്താന്‍ പരിശോധന; രണ്ട് ജന്‍ റോബോട്ടുകള്‍ ടണലിൽ ഇറക്കി

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെ ആണ് അപകടം

236

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യത്തിന് റോബോട്ടിക്ക് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനായി ടെക്‌നോ പാര്‍ക്കില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

റോബോട്ടിക് സംവിധാനം വഴി ടണലിനുള്ളിലെ മാലിന്യങ്ങൾ നീക്കാന്‍ തുടങ്ങി. രണ്ട് ജന്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിൻ്റെ ഇരുവശങ്ങളില്‍ നിന്നുമാണ് മാലിന്യങ്ങൾ നീക്കാന്‍ തുടങ്ങിയത്. കരയില്‍ റോബോട്ടിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷൻ്റെ താല്‍ക്കാലിക തൊഴിലാളിയാണ് അദ്ദേഹം.

മൂന്നുമണിക്കൂറായി തിരച്ചില്‍ തുടരുകയാണ്. സ്‌കൂബ ടീമിന് ജോയിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് റയില്‍വേ സ്റ്റേഷന് അകത്തുളള സ്ലാബ് ഇളക്കി പരിശോധിച്ചു. കനാലില്‍ 50 മീറ്ററോളം സ്‌കൂബ ടീമിന് പരിശോധന നടത്താന്‍ കഴിഞ്ഞുള്ളു. തുടര്‍ന്നാണ് റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിൻ്റെ മാലിന്യം നീക്കാന്‍ തുടങ്ങിയത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെ ആണ് അപകടം. മൂന്നുപേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്‌തപ്പോള്‍ ജോയിയോട് കരയ്ക്ക് കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞിരുന്നു.

തോടിൻ്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷാദൗത്യത്തിന് തിരുവനന്തപുരത്ത് നിന്നുള്ള എന്‍ഡിആര്‍ഫ് സംഘവും രാത്രിയോടെയെത്തി. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. നേവിയോടും സഹായം അഭ്യര്‍ത്ഥിച്ചതായി കളക്ടര്‍ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.