...
Home News International ‘മയക്കുമരുന്ന് കേസ്’; ഈജിപ്ഷ്യൻ ടിവി അവതാരക സാറ ഖലീഫക്കും കൂട്ടാളികൾക്കും വധശിക്ഷ

‘മയക്കുമരുന്ന് കേസ്’; ഈജിപ്ഷ്യൻ ടിവി അവതാരക സാറ ഖലീഫക്കും കൂട്ടാളികൾക്കും വധശിക്ഷ

മയക്കുമരുന്ന് കടത്ത്, തീവ്രവാദം, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് ഈജിപ്തിൽ വധശിക്ഷയാണ് നൽകിവരുന്നത്

3

മയക്കുമരുന്ന് കേസിൽ കുറ്റക്കാGയ ടെലിവിഷൻ അവതാരക സാറ ഖലീഫ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യൻ കോടതി. മയക്കുമരുന്ന് നിർമ്മാണത്തിനും കടത്തനുമായി സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചു പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെയ്‌റോ ക്രിമിനൽ കോടതിയുടെ നടപടി.

28 പ്രതികളും 750 കിലോയിലധികം മയക്കുമരുന്നും ഉൾപ്പെട്ടതായിരുന്നു കേസ്. വിധിപ്രകാരം സാറ ഖലീഫ ഉൾപ്പെടെയുള്ളവർക്ക് വധശിക്ഷ വിധിച്ചപ്പോൾ, ഒമ്പത് കൂട്ടുപ്രതികൾക്ക് ജീവപര്യന്തം തടവും ഏഴ് പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി കോടതി കൂടിയാലോചന നടത്തിയിരുന്നു. പ്രതികൾക്ക് അപ്പീൽ കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്.

കേസിന്റെ പശ്ചാത്തലം

സ്വകാര്യ അൽ-മെഹ്‌വാർ ടിവി ചാനലിലെ “മിഷൻ ഇംപോസിബിൾ” എന്ന സുരക്ഷാ, കുറ്റകൃത്യ പരിപാടിയുടെ അവതാരകയാണ് 39 കാരിയായ സാറ ഖലീഫ. കോസ്മെറ്റിക് സർജറി ക്ലിനിക്കും ഇവന്റ് പ്ലാനിംഗ് കമ്പനിയും നടത്തിയിരുന്ന ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. 2025 ഏപ്രിലിലാണ് കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ സിന്തറ്റിക് മരുന്നുകൾ നിർമ്മിച്ച് സൂക്ഷിക്കുകയും കടത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. സംഘത്തിൽ നിന്നും മയക്കുമരുന്നിന് പുറമെ ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

കോടതിയിലെ രംഗങ്ങൾ

താൻ തികച്ചും നിരപരാധിയാണെന്നും ജീവിതത്തിൽ ഇതുവരെ സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നും സാറ ഖലീഫ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. വിചാരണയ്ക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ട് അവർ കോടതിയോട് കരുണ യാചിക്കുകയാണുണ്ടായത്: “ദയവായി ഞാൻ പറയുന്നത് കേൾക്കൂ സർ. എന്റെ മാതാപിതാക്കൾ എന്നെ നന്നായി വളർത്തി; അവർ പ്രാർത്ഥിക്കുന്ന ആളുകളാണ്, എനിക്ക് മയക്കുമരുന്ന് പണം ആവശ്യമില്ല.”

മയക്കുമരുന്ന് കടത്ത്, തീവ്രവാദം, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് ഈജിപ്തിൽ വധശിക്ഷയാണ് നൽകിവരുന്നത്. ഇതിനിടെ, ഡ്രൈവറെ ആക്രമിച്ചതിനും വീഡിയോ പകർത്തിയതിനുമുള്ള മറ്റൊരു കേസിൽ സാറ ഖലീഫയ്ക്ക് കോടതി മൂന്ന് വർഷം തടവും വിധിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.