വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടത്തില്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. നിയമവിരുദ്ധ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയുടെ എംഡി എസ്.കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. അവയവ കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞമാസം ലേക്‌ഷോര്‍ ആശുപത്രിയിലടക്കം വലിയരീതിയിലുള്ള റെയ്‌ഡുകള്‍ ഇഡി നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇഡി തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നത്. ആശുപത്രികളില്‍ നടക്കുന്നത് ഒരു സംഘടിത കുറ്റകൃത്യം എന്ന നിലയിലാണ് ഇഡി കണക്കാക്കുന്നത്. നിയമവിരുദ്ധമായ ശസ്ത്രക്രിയ ആശുപത്രിയില്‍ നടത്തിയതിന് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നതാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.
ഇതിൻ്റെ ഭാഗമായി സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. ഡോ. മുഹമ്മദ് ഇഖ്ബാലിനോട് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡി ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ച് വരികയാണ്. ഇഖ്ബാലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.
അവയവ കച്ചവട റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് നജീബിൻ്റെ നേതൃത്വത്തിലുള്ള സംഘവുമായി സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്നതാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍. ഓരോ തവണ ധാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയതിന് ഈ ആശുപത്രികളില്‍ നിന്നും റാക്കറ്റിന് കമ്മീഷന്‍ പോകുകയും ചെയ്‌തിട്ടുണ്ട്.
ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലേക്‌ഷോര്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇഡി മറ്റ് ചില ആശുപത്രികളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുക എന്നാണ് വിവരം.


