...
Home News Kerala പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ്; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം...

പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ്; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം ഊർജിതമാക്കി

പിണറായി വിജയൻ്റെ മകള്‍ വീണ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം

152

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധന. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്‍റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിൽ ആണുള്ളത്. ഇഡി ഉദ്യോഗസ്ഥര്‍ പിണറായിയുടെയും വീണയുടെയും മൊഴി ശേഖരിക്കുക ആണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നിയമ പോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസപ്പെടുത്താന്‍ ആണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ഇഡി പരിശോധനക്കിടെ പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇതിനിടെ പിണറായി വിജയന് പിന്തുണയുമായി കെയു ജനീഷ് കുമാര്‍ രംഗത്തെത്തി. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കില്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്ന് ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി ആലോചിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയ വേട്ടയാടലിൻ്റെ ഭാഗമാണ് ഇഡി നടപടിയെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എംകെ മുരളി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍- എക്‌സാലോജിക് കരാറില്‍ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി നിർദേശിച്ചത്. ഇഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു.

പിണറായി വിജയൻ്റെ മകള്‍ വീണ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.