7 September 2026
Home News Kerala റിപ്പോർട്ടർ ടിവിയിൽ എഡിറ്റോറിയൽ ഭിന്നത രൂക്ഷം. ; സ്മൃതിയുമായി തെറ്റി ഡോ. അരുൺകുമാർ അവധിയിൽ

റിപ്പോർട്ടർ ടിവിയിൽ എഡിറ്റോറിയൽ ഭിന്നത രൂക്ഷം. ; സ്മൃതിയുമായി തെറ്റി ഡോ. അരുൺകുമാർ അവധിയിൽ

വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രിയെ ക്ഷണിക്കാൻ പോയത് രാഷ്ട്രീയ പി.ആർ പ്രവർത്തനമാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കണമെന്ന് അരുൺകുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിന് തയ്യാറല്ലെന്നാണ് സ്മൃതി പരുത്തിക്കാട് വ്യക്തമാക്കുന്നത്.

265

വയനാട് ദുരന്തബാധിതരെ കുറിച്ചുള്ള പരാമർശത്തെ ചൊല്ലിയ വിവാദത്തിന് പിന്നാലെ റിപോർട്ടർ ടിവിയുടെ എഡിറ്റോറിയൽ തലപ്പത്ത് ഭിന്നത രൂക്ഷമായി. എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട് നടത്തിയ പരാമർശത്തിൽ മാപ്പ് പറയാത്തതിൽ പ്രതിഷേധിച്ച് കൺസൾട്ടിംഗ് എഡിറ്ററും മുഖ്യ അവതാരകനുമായ ഡോ. അരുൺകുമാർ അവധിയിൽ പ്രവേശിച്ചതോടെയാണ് വിവാദം പുറംലോകത്ത് വ്യക്തമായത്.

ഈ മാസം 15 മുതൽ അവധിയിൽ പോയ അരുൺകുമാർ മൂന്ന് ദിവസം കഴിഞ്ഞിട്ടും ജോലിയിൽ തിരിച്ചെത്തിയിട്ടില്ല. ഇതോടൊപ്പം, മാനേജിംഗ് ഡയറക്ടറുടെ മുഖ്യസഹായിക്കെതിരെ വനിതാ ജീവനക്കാരി നൽകിയ പരാതിയും ചാനൽ മാനേജ്മെന്റിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ദുരുദ്ദേശപരമായ സന്ദേശം അയച്ചുവെന്നാരോപിച്ചാണ് പരാതി ഉയർന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഓഫീസിൽ നിന്ന് മാറ്റിനിർത്തിയതായി റിപ്പോർട്ടുണ്ട്. അടുത്തിടെ ജോലിയിൽ പ്രവേശിച്ച മാധ്യമപ്രവർത്തകയ്ക്കാണ് ഈ അനുഭവം ഉണ്ടായതെന്നാണ് വിവരം. ജീവനക്കാർക്കിടയിൽ ഇതിനോടകം അസ്വസ്ഥത വർധിച്ചിരിക്കുകയാണ്.

ഇതിനു പുറമെ, ശമ്പള വർധനവ് പ്രഖ്യാപിച്ചിട്ടും അത് നടപ്പിലാക്കാത്തതും ജീവനക്കാരുടെ അതൃപ്തിക്ക് ഇടയാക്കി. ജനുവരിയിൽ പ്രഖ്യാപിച്ച ശമ്പള പരിഷ്കാരം ഇതുവരെ ലഭിക്കാത്തതായും, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) വിഹിതം മുഴുവനായും അടച്ചിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രിയെ ക്ഷണിക്കാൻ പോയത് രാഷ്ട്രീയ പി.ആർ പ്രവർത്തനമാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കണമെന്ന് അരുൺകുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിന് തയ്യാറല്ലെന്നാണ് സ്മൃതി പരുത്തിക്കാട് വ്യക്തമാക്കുന്നത്. തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചുവെന്നും തുടർന്ന് സൈബർ ആക്രമണം നേരിടേണ്ടിവന്നുവെന്നും അവർ പ്രതികരിച്ചു.

ഈ സാഹചര്യത്തിൽ എഡിറ്റോറിയൽ ഭിന്നത എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ചാനൽ മാനേജ്മെന്റ്.