...
Home News Kerala അഭ്യസ്‌തരും പരിഷ്കൃതരുമായ വർഗീയവാദികൾ

അഭ്യസ്‌തരും പരിഷ്കൃതരുമായ വർഗീയവാദികൾ

ജാതി പ്രകടിപ്പിക്കാൻ കഴിയാതെ, ജാതിവെറിയെ പുറത്തെടുക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഒരു ജനതയാണ് മലയാളികൾ. എന്നാൽ , ഒരുപക്ഷേ, മനസിന്റെ ഏറ്റവും ആഴത്തിലുള്ള അടരുകളിൽ ഏറ്റവും കഠിനമായ ജാതിവെറി സൂക്ഷിക്കുന്നതും മലയാളികൾ തന്നെയാവും.

293

| കിംഗ് ജോൺസ്

കേരളത്തിലെ ജാതിവെറി വടക്കേ ഇന്ത്യയിലെ പോലെയല്ല. ഒറ്റ നോട്ടത്തിൽ, വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിൽ പ്രകടമല്ല അത്. വടക്കേ ഇന്ത്യയിൽ യാദവ് ഭേൽ പൂരി സെന്റർ, ഗുപ്ത ഹോട്ടൽ, മുസ്ലിം ഹോട്ടൽ എന്നിങ്ങനെയുള്ള പരസ്യഫലകങ്ങൾ സർവ്വസാധാരണമാണ്. എന്തിന് ഹോട്ടലുകളിൽ ബ്രാഹ്മണർക്കു വേണ്ടിയുള്ള കസേരകൾ ഒഴിച്ചിട്ടിരിക്കുന്ന അവസ്ഥ വരെയുണ്ട്. ഏതെങ്കിലും യാദവനോ ഏതെങ്കിലും ഗുപ്‍തയോ ഏതെങ്കിലും മുസ്ലിമോ നടത്തുന്ന ഹോട്ടൽ ആണെന്നുള്ള ലളിതമായ വിവരമല്ല ആ ഫലകങ്ങൾ പങ്കുവെക്കുന്ന ആശയം.

ഈ സ്ഥാപനം നടത്തുന്നവർ ഈ ജാതിയിൽ ഉള്ളവരാണ്. ഉടമയോട് അയിത്തമുളള മറ്റ് ഉയർന്ന വിഭാഗക്കാർക്ക് ഈ വിവരം അറിയാത്തതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവരുത്. അതുപോലെ ഈ സ്ഥാപനം നടത്തുന്ന ഉടമ ഈ ജാതിയിൽ ഉള്ളയാൾ ആണ് , അതിലും തീരെ താഴ്ന്ന ജാതിക്കാരായ ആളുകൾ ഇവിടേക്ക് കടന്നുവരുന്നത് ചിലപ്പോൾ ഉടമയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. എല്ലാവരും ശ്രദ്ധിക്കുക. ഇതാണ് ഈ തലക്കെട്ടുകളുടെ ഉദ്ദേശം.

ലളിതവും സുതാര്യവമായ ജാതിവെറിയാണ് അവിടെ. എന്നാൽ കേരളത്തിലെ ജാതിവെറി തീവ്രവും നിഗൂഢവുമാണ്. വർഷങ്ങൾക്കു മുമ്പ് നിങ്ങളുടെ കൂടെ ഒരു സർക്കാർ സ്‌കൂളിൽ പരസ്പരം ചോറ്റുപാത്രത്തിൽ കയ്യിട്ടു കഴിച്ചിരുന്ന സുഹൃത്ത് ഒരു തികഞ്ഞ വർഗീയവാദി ആയിരുന്നു എന്നുതിരിച്ചറിയാൻ ചിലപ്പോൾ ഇരുപതു വർഷങ്ങൾ ഒക്കെ വേണ്ടിവരും. അവന്റെ വീട്ടിൽ പണ്ട് മറ്റ് കൂട്ടുകാർക്കൊപ്പം ചെല്ലുമ്പോൾ അച്ഛന്റെ ജോലിയെ കുറിച്ചും അമ്മയുടെ മുഴുവൻ പേരിനേക്കുറിച്ചും വീടിന്റെ നിറത്തെ കുറിച്ചും രൂപത്തെക്കുറിച്ചും ഒക്കെയുള്ള ചോദ്യങ്ങൾ ജാതി കണ്ടുപിടിക്കാൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ഞെട്ടിപ്പോകും.

പണ്ടൊക്കെ ‘മോന്റെ അച്ഛനെന്താ ജോലി?’ എന്നുയർന്നിരുന്ന ചോദ്യം പലപ്പോഴും ജാതിയിലേക്കുള്ള ചൂഴ്ന്നുനോട്ടം ആയിരിക്കും. ഇപ്പോൾ തൊഴിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞു, എങ്കിലും ട്രാഫിക്ക് പോലീസ്, ഫോറസ്റ്റ് വാർഡൻ, ട്രാക്ക് വാല, മസ്ദൂർ, സ്വീപ്പർ എന്നീ ജോലികളൊക്കെ സംവരണം ചെയ്തിട്ടുണ്ടാവും. ഇതുവരെ ഒരു നമ്പൂതിരിയേയോ മേനോനെയോ വർമ്മയേയോ ട്രാഫിക്ക് പോലീസ് ആയി കണ്ടിട്ടില്ല. എന്നാൽ അതിനേക്കാൾ ശമ്പളം കുറഞ്ഞ ശിപായിമാർ ഉണ്ട്. ശമ്പളമോ തൊഴിലിന്റെ വലുപ്പച്ചെറുപ്പമോ അല്ല ഇവിടെ കാര്യം. ചില തൊഴിലുകൾ ഞങ്ങൾ ചെയ്യില്ല എന്നുള്ള ജാതിബോധമാണ്. എന്തിന് വർണ്ണാശ്രമത്തിൽ ഉയർന്നു നിൽക്കുന്ന യാചകർ പോലുമുണ്ട്. യാചിക്കാൻ തയാറായാലും അവർ ചില ജോലികൾ ചെയ്യില്ല.

ഭാവനാ സൃഷ്ടിയായ സാഹിത്യത്തിൽ പോലും എഴുത്തുകാരന് ഇതിനെ മറികടക്കാനുള്ള ക്രിയാത്മകമായ സ്വാതന്ത്ര്യം ഇല്ല. ചട്ടമ്പിശാസ്ത്രം എന്ന നോവലിൽ കള്ളുഷാപ്പിൽ കറികൾ വിളമ്പുന്ന സുബ്രമണ്യൻ പോറ്റി ഉണ്ട്. സർക്കാർ എന്ന നോവലിൽ ഗവണ്മെന്റ് ഓഫീസിൽ എത്തിയ ബ്രാഹ്മണനായ അപേക്ഷകൻ ശൂദ്രയായ ശിപായി ഉപയോഗിച്ച കസേരയിൽ ഇരിക്കാൻ വിസമ്മതിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ ഒരു പഞ്ചായത്തിൽ വാർഡ് മെമ്പർ ക്യാബിനിലും പ്രസിഡന്റ് പുറത്തും ഇരിക്കുന്നത് 2015 കാലഘട്ടത്തിൽ കണ്ടതിന്റെ ഓർമ്മയിലാണ് അങ്ങനെ എഴുതിയത്.

വാർഡ് മെമ്പർ സവർണ്ണ ജാതിക്കാരനും പ്രസിഡന്റ് കീഴാളനുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സവർണ്ണ ജാതിക്കാരനായ വാർഡ് മെമ്പർ പ്രസിഡന്റ് ആയിരുന്നു. അന്ന് ഉപയോഗിച്ചിരുന്ന ചില്ലിട്ട മുറി ഒഴിഞ്ഞു കൊടുക്കാൻ അയാൾ തയാറായില്ല. പുതിയ പ്രസിഡന്റ് വരാന്തയിൽ ഇരിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്റെ ഞാണിന്മേൽ കളിയിൽ അധികാരത്തിൽ എത്തിയ കീഴാളൻ വരാന്തയിൽ ഇരുന്നുകൊണ്ട് തന്റെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നു. ജാതിയിൽ താഴ്ന്നവൾ ആയതുകൊണ്ട് പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ രാഷ്ട്രപതി ദ്രൗപദി മുർമ്മു അതിന്റെ മറ്റൊരു പതിപ്പാണ്.

സാഹിത്യത്തിൽ കഥാപാത്ര സൃഷ്ടി നടത്തുമ്പോൾ എഴുത്തുകാർക്ക് ഈ ജാതിവ്യവസ്ഥയുടെ സന്ധിചെയ്യേണ്ടി വരുന്നുണ്ട്. മുരുകൻ എന്നോ ശിവൻ എന്നോ പേരുള്ള ഒരു നമ്പൂതിരി ഉണ്ടാവില്ല. സ്കന്ദൻ എന്നോ ഉമ എന്നോ പേരുള്ള ഒരു ദളിതൻ ഉണ്ടാവില്ല. നടേശൻ, സതീശൻ, ഗണേശൻ എന്നിവരൊക്കെ ഈഴവർ ആയിരിക്കും. ഉലഹന്നാൻ എന്നോ അവറാച്ചൻ എന്നോ പേരുള്ള ഒരു ലത്തീൻ കത്തോലിക്കൻ ഉണ്ടാവില്ല എന്നൊക്കെയാണ് ഭൂരിപക്ഷ സാഹചര്യങ്ങളും നമ്മളോട് സമർഥിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ അപൂർവ്വമായി ഇതിന്റെ ലംഘനങ്ങളും കണ്ടെത്താൻ കഴിയും. എനിക്ക് ദളിതനായ സ്കന്ദനെയും ഉമയെയും അറിയാം. എന്നാലും ഒരു കഥാപാത്രത്തിന് താമര എന്നോ ഗോവർദ്ധൻ എന്നോ പേരിടുമ്പോൾ അതിനൊപ്പം വായനക്കാർ കൂട്ടിവായിക്കുന്നത് ഒരു ദളിത്- കീഴാള സ്വത്വത്തെ ആയിരിക്കില്ല. ആ കഥാപാത്രം പരാജയപ്പെടാൻ സാധ്യതയുണ്ട്. നോവലിസ്റ്റുകൾ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ പോലും ജാതിപരമായ സമവാക്യങ്ങൾ പാലിക്കേണ്ടതുണ്ട്. ജാതിവെറി ഉള്ളിലൊതുക്കിയ വായനക്കാരന്റെ ബോധമനസ് ചിലപ്പോൾ കഥാപാത്രത്തെ സ്വീകരിക്കില്ല.

വീടിന്റെ നിറം, നിർമ്മാണരീതി, മേൽക്കൂരയുടെ രൂപം, വേലി അല്ലെങ്കിൽ ചുറ്റുമതിലിന്റെ രീതി എന്നിവയിലൊക്കെ ജാതി ഉണ്ട്. എന്തിന്, വീടിനെ കുറിച്ച് പറയുന്നതു പോലും ജാതി കൂടി ചേർത്താണ്. പുര, വീട്, ഇല്ലം, ഷാരം, തറവാട്, മഠം, മന…എല്ലാം ജാതി തിരിച്ചുള്ള പ്രയോഗങ്ങൾ തന്നെ. സംബോധനകളും അങ്ങനെ തന്നെയാണ്. അപ്പൻ, ചാച്ചൻ, അച്ചായൻ, അച്ചായി, അച്ഛൻ, വാപ്പ എന്നിങ്ങനെയുള്ള വിളികളും ചേച്ചി, ഇച്ചേയി, ചേടത്തി, ഏട്ടത്തി, ഓപ്പോൾ എന്നിങ്ങനെയുള്ള വിളികളുടെ വ്യതിയാനങ്ങൾ ജാതിയെയും കടത്തിവിടുന്നുണ്ട്.ഒരു ദളിതനായ കഥാപാത്രം സഹോദരിയെ ഓപ്പോൾ എന്ന് സംബോധന ചെയ്യുന്നതായി എഴുതാൻ സാഹിത്യകാരനു സാധിക്കില്ല. വായനക്കാർ തിരസ്കരിക്കും എന്ന ഭയം അയാൾക്കുണ്ടാവും. ഒരു നായർ കഥാപാത്രവും അച്ഛനെ ചാച്ചൻ എന്ന് സംബോധന ചെയ്യില്ല.

ജാതി പ്രകടിപ്പിക്കാൻ കഴിയാതെ, ജാതിവെറിയെ പുറത്തെടുക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന ഒരു ജനതയാണ് മലയാളികൾ. എന്നാൽ , ഒരുപക്ഷേ, മനസിന്റെ ഏറ്റവും ആഴത്തിലുള്ള അടരുകളിൽ ഏറ്റവും കഠിനമായ ജാതിവെറി സൂക്ഷിക്കുന്നതും മലയാളികൾ തന്നെയാവും. നരവംശ ശാസ്‌ത്രപരമായി മലയാളി എന്ന പൊതുജനവിഭാഗം നിലനിൽക്കുന്നില്ല എന്നതായിരിക്കും അതിനുള്ള കാരണം. മലയാളി എന്നത് ഒരു പ്രദേശത്ത് ഉത്ഭവിച്ച, അവിടെ അതിജീവിച്ച ഒരു ജനതയല്ല. ഗോത്രങ്ങളെയും കുലങ്ങളെയും അകറ്റി ഇവിടെ കുടിയേറിപ്പാർത്ത അഭയാർത്ഥികളും ദ്രാവിഡ രാജാക്കന്മാർ പലനാട്ടിൽ നിന്നുമായി കൂട്ടിക്കൊണ്ടുവന്ന തൊഴിൽവിഭാഗങ്ങളും ചേർന്നതാണ് മലയാളി എന്ന നിർമ്മിതജനം. സാമൂഹികപരമായും സാംസ്കാരികപരമായും മലയാളി എന്ന ആൾക്കൂട്ടം ഏകീകരിച്ചു എങ്കിലും അതിന്റെ ഉള്ളറകളിൽ പരസ്പരം വിഘടിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ജനിതക വർഗീയ സ്വഭാവമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.