...
Home News National ക്ഷേത്രമതിൽ ഇടിഞ്ഞു വീണ് വിശാഖ പട്ടണത്ത് എട്ടുപേർ മരിച്ചു; നാല് പേർക്ക് പരുക്കേറ്റു

ക്ഷേത്രമതിൽ ഇടിഞ്ഞു വീണ് വിശാഖ പട്ടണത്ത് എട്ടുപേർ മരിച്ചു; നാല് പേർക്ക് പരുക്കേറ്റു

വാർഷിക ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി ഭക്തർ വരിയിൽ കാത്തു നിൽക്കുമ്പോഴാണ് അപകടം

268

ആന്ധ്രാപ്രദേശിലെ വിശാഖ പട്ടണത്തുള്ള ശ്രീ വരാഹ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ബുധനാഴ്‌ച പുലർച്ചെ ക്യൂ ലൈനിനോട് ചേർന്നുള്ള മതിൽ ഭക്തരുടെ മേൽ ഇടിഞ്ഞുവീണ് എട്ടുപേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. വാർഷിക ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി ഭക്തർ വരിയിൽ കാത്തു നിൽക്കുമ്പോഴാണ് അപകടം.

ദേശീയ ദുരന്ത നിവാരണ സേനയും പ്രാദേശിക ഉദ്യോഗസ്ഥരും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി സംഭവ സ്ഥലത്തെത്തി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രഭിത്തി വെള്ളത്തിൽ കുതിർന്നതും നിരവധിപേർ മതിലിൽ ചാരി നിന്നതുമാണ് അപകട കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ ഉദ്ധരിച്ച് മാധ്യമ പ്രവർത്തകരോട് മന്ത്രി പ്രതികരിച്ചത്.

ദുരന്തത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപ വീതവും സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

മതിൽ ഇടിഞ്ഞു വീണ സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി മൂന്നംഗ അന്വേഷണ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.