ആഗോള കാലാവസ്ഥയെ പൂർണ്ണമായും തലകീഴായി മറിക്കുന്ന ‘എൽ നിനോ’ (El Nino) പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) മുന്നറിയിപ്പ് നൽകുന്നു. ഇത് ചൂട് സംബന്ധിച്ച സകല മുൻകാല റെക്കോർഡുകളും തകർക്കുമെന്നും വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടുമെന്നുമാണ് യു.എൻ. കാലാവസ്ഥാ ഏജൻസിയായ ഡബ്ല്യു.എം.ഒ. (ലോക കാലാവസ്ഥാ സംഘടന) വ്യക്തമാക്കുന്നത്. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽനിനോ പ്രതിഭാസത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ പ്രതിഭാസം ഈ വർഷം അവസാനത്തോടെ അതിന്റെ പാരമ്യത്തിലെത്തുകയും അടുത്ത വർഷം ഫെബ്രുവരി വരെ തുടരുകയും ചെയ്യും.
ശാസ്ത്രത്തിൽ ഇനി സംശയങ്ങൾക്ക് സ്ഥാനമില്ലെന്നും ഭൂമി ഇപ്പോൾ കടുത്ത അപകടമേഖലയിലാണെന്നും യു.എൻ. ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കാലവർഷത്തിന്റെ കുറവ്, ഇൻഡോനേഷ്യയിലെ കാട്ടുതീ, ഓസ്ട്രേലിയയിലെ കടുത്ത വരൾച്ച, തെക്കേ അമേരിക്കയിലെ കടുത്ത പ്രളയം എന്നിവയ്ക്ക് ഇത് ആക്കം കൂട്ടും. കടലിലും കായലിലും വരൾച്ച അനുഭവപ്പെട്ടതോടെ മീനുകൾക്ക് തീവിലയായിരിക്കുകയാണ്. സമുദ്രങ്ങൾ’ഹോട്ട് ടബ്ബ്’ ആയി മാറിയതോടെ തണുപ്പ് തേടി മത്തിയും അയലയും പലായനം ചെയ്യുന്നു.
എൽ നിനോ മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടുമുള്ള അഞ്ചു കോടിയോളം ജനങ്ങളെ കടുത്ത പട്ടിണിയിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യു.എഫ്.പി.) ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ എൽ നിനോ കാരണം ഹിമാലയത്തിലെ മാറ്റങ്ങൾക്ക് വേഗം കൂടി. കടുത്ത ജലക്ഷാമം കാരണം പാനമ കനാലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആഗോള ഷിപ്പിംഗിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഈ കടുത്ത സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സേനകളും കർഷകരും ഉടനടി മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വിദഗ്ധരും ഐക്യരാഷ്ട്രസഭയും ശക്തമായി നിർദ്ദേശിക്കുന്നു. ഭൂമി ഇപ്പോൾ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ മുന്നൊരുക്കങ്ങൾ വൈകരുതെന്നാണ് മുന്നറിയിപ്പ്.


