7 July 2026
Home News National പ്രധാന മന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശം; മല്ലികാർജുൻ ഖർഗെക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

പ്രധാന മന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശം; മല്ലികാർജുൻ ഖർഗെക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

മറുപടി തൃപ്‌തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും

235

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി.

മറുപടി തൃപ്‌തികരമല്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടന്നേക്കും. ബുധനാഴ്‌ച രാവിലെയാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെട്ട ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയത്. ഖർഗെ മാപ്പ് പറയണമെന്നും അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിലക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത സംഭവത്തിൽ വ്യാപക പരാതികൾ ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി മൗനമായിരുന്നു. അതേസമയം, കമ്മീഷൻ്റെ സെലക്ടീവ് പക്ഷപാതത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത അതൃപ്‌തിയാണുള്ളത്. ഖർഗെക്കെതിരെയുള്ള നീക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ച തിടുക്കം കമ്മീഷൻ്റെ അടിത്തറയെ തകർക്കുന്നതാണെന്ന് ബിനോയ് വിശ്വം വിമർശിച്ചു. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് നേരത്തെ തന്നെ കോൺഗ്രസ് അധ്യക്ഷൻ വിശദീകരിച്ചിരുന്നു.

നടപടിക്കെതിരെ പ്രധാന മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും താളത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നൃത്തം ചെയ്യുന്നുവെന്ന വിമർശനമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. കമ്മീഷൻ പ്രവർത്തിക്കുന്നത് പക്ഷേ ഭരണഘടനക്ക് എതിരെയാണ്. അതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിർണായക പങ്ക് ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുബന്ധ ഓഫീസായി കമ്മീഷൻ പ്രവർത്തിക്കുന്നുവെന്നും ജയ്റാം രമേശ്‌ വിമർശിച്ചു.