...
Home News National പശ്ചിമ ബംഗാളില്‍ ബൂത്തുകളില്‍ റീ പോളിങ് നടത്താൻ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തരവ്

പശ്ചിമ ബംഗാളില്‍ ബൂത്തുകളില്‍ റീ പോളിങ് നടത്താൻ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തരവ്

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നിരുന്നു

157

നിയമസഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിള്‍ ഉണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രണ്ട് മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഗ്രാത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലും റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

ഈ രണ്ട് മണ്ഡലങ്ങളിലും ഏപ്രിൽ 29 -നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്‌സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് ആ ദിവസം നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. മെയ് രണ്ടിന് ഈ പതിനഞ്ച് ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം. ശനിയാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാകും വോട്ടെടുപ്പ്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29-ലെ വോട്ടെുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഐഎം സ്ഥാനാർത്ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാൻ്റെ സ്വാധീന മേഖലകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ബിജെപിയുടെ പരാതി. ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഫല്‍ത്തയിലെ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരാതി ഗൗരവത്തിലെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാല്‍ റീ പോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.

അതേസമയം, കൊല്‍ക്കത്തയില്‍ സ്‌ട്രോങ് റൂം തുറന്നെന്ന ആരോപണം ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ടിഎംസിയുടെ മൂന്നംഗ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുക. റീപോളിങും സ്‌ട്രോങ് റൂം തുറന്ന വിഷയവും അറിയിക്കുമെന്ന് ടിഎംസി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.