...
Home News International ഇസ്രയേൽ തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭ: നെതന്യാഹുവിന്റെ അട്ടിമറി വാദം തള്ളി ഇലക്ഷൻ കമ്മീഷൻ; ഐസൻകോട്ട്-അറബ് പാർട്ടി സർക്കാരിന്...

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭ: നെതന്യാഹുവിന്റെ അട്ടിമറി വാദം തള്ളി ഇലക്ഷൻ കമ്മീഷൻ; ഐസൻകോട്ട്-അറബ് പാർട്ടി സർക്കാരിന് സാധ്യത ഏറുന്നു

19 സീറ്റുകൾ നേടി അറബ് പാർട്ടികൾ നിർണായക ശക്തിയായത് നെതന്യാഹുവിനും ഗാദി ഐസൻകോട്ടിനും ഒരുപോലെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അറബ് പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിലും ഏർപ്പെടില്ലെന്നായിരുന്നു നെതന്യാഹുവിന്റെയും ഐസൻകോട്ടിന്റെയും പ്രധാന വാഗ്ദാനം.

74

ഇസ്രയേൽ ദേശീയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻ കമ്മിറ്റി പുറത്തുവിട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടി. നിർണായക ശക്തിയായി ഉയർന്നുവന്ന അറബ് പാർട്ടികൾക്ക് 19 സീറ്റുകൾ ലഭിച്ചു.

ഇസ്രയേൽ പാർലമെന്റായ 120 അംഗ നെസറ്റിൽ കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകൾ ആവശ്യമാണ്. എന്നാൽ ഒരു വിഭാഗത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ അറബ് പാർട്ടികളുടെ നിലപാട് ഏറെ നിർണായകമായി മാറിയിരിക്കുകയാണ്. 27 സീറ്റുകൾ നേടിയ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 21 സീറ്റുകളുമായി ഐസൻകോട്ടിന്റെ യാഷർ പാർട്ടി രണ്ടാമതെത്തി. 11 സീറ്റുകളുള്ള ജോയിന്റ് ലിസ്റ്റും 8 സീറ്റുകളുള്ള റാം പാർട്ടിയും ഉൾപ്പെടുന്നതാണ് അറബ് പാർട്ടികളുടെ സഖ്യം.

അതിനിടെ, തിരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറിയും വിദേശ ഇടപെടലുകളും നടന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ഖത്തറിന്റെ ഇടപെടൽ ഉണ്ടായെന്നതടക്കമുള്ള ഗുരുതര വാദങ്ങളാണ് നെതന്യാഹു ഉന്നയിച്ചത്. അട്ടിമറി ആരോപണങ്ങളിൽ അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വോട്ടെണ്ണൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന് അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾ പൂർത്തിയാക്കി നവംബർ 4-ന് നിശ്ചയിച്ച പ്രകാരം ഔദ്യോഗിക ഫലം പ്രസിഡന്റ് ഐസക് ഹെർസോഗിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, വോട്ടെടുപ്പിൽ വ്യാപകമായ കൃത്രിമത്വം നടന്നു എന്ന നെതന്യാഹുവിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വ്യക്തമാക്കി. അട്ടിമറി ആരോപണങ്ങളെ കമ്മിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡീൻ ലിവ്നെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും നെതന്യാഹുവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന സൂചന നൽകി. വിദേശ ഇടപെടൽ അന്വേഷണം ഔദ്യോഗിക ഫലം പ്രഖ്യാപിക്കുന്നതിന് തടസ്സമാകില്ലെന്ന് ഷിൻ ബെറ്റ് വ്യക്തമാക്കി.

19 സീറ്റുകൾ നേടി അറബ് പാർട്ടികൾ നിർണായക ശക്തിയായത് നെതന്യാഹുവിനും ഗാദി ഐസൻകോട്ടിനും ഒരുപോലെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അറബ് പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിലും ഏർപ്പെടില്ലെന്നായിരുന്നു നെതന്യാഹുവിന്റെയും ഐസൻകോട്ടിന്റെയും പ്രധാന വാഗ്ദാനം. അറബ് പാർട്ടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹുവിന് മുന്നിൽ ഐസൻകോട്ടുമായി ചേരുകയോ അല്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയോ ചെയ്യുക എന്നീ വഴികളാണുള്ളത്. നിലവിൽ അട്ടിമറി ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിലാണ് നെതന്യാഹു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേസമയം പ്രതിപക്ഷ നേതാവായ ഗാദി ഐസൻകോട്ടിനും ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എളുപ്പമല്ല. നെതന്യാഹുവുമായി ചേർന്ന് സഖ്യമുണ്ടാക്കുകയോ അല്ലെങ്കിൽ അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയോ ചെയ്യുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള വഴികൾ. എന്നാൽ ഇവയിലേത് തിരഞ്ഞെടുത്താലും രണ്ട് പക്ഷത്തുമായും ചേരില്ലെന്ന സ്വന്തം തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനാകും. എങ്കിലും മാറ്റം ആഗ്രഹിക്കുന്ന പാർട്ടികളുടെ വോട്ടർമാരിൽ ഭൂരിഭാഗവും അറബ് പാർട്ടികളെ ഉൾപ്പെടുത്തി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നതായി സർവ്വെകൾ ചൂണ്ടിക്കാണിക്കുന്നു.

ഹീബ്രു യൂണിവേഴ്സിറ്റിയുടെ അക്കോർഡ് സെന്റർ നടത്തിയ പുതിയ സർവ്വേ ഫലങ്ങൾ ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷ ചേരിയിലെ വോട്ടർമാരിൽ 61 ശതമാനം പേരും മൻസൂർ അബ്ബാസിന്റെ ‘റാം’ പാർട്ടിയുമായി ചേർന്ന് ഐസൻകോട്ട് സർക്കാർ രൂപീകരിക്കുന്നതിനെ അനുകൂലിച്ചതായി സർവ്വെ വ്യക്തമാക്കുന്നു. 20 ശതമാനം പേർ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ 12 ശതമാനം പേർ മാത്രമാണ് നെതന്യാഹുവുമായി സഖ്യമുണ്ടാക്കുന്നതിനെ പിന്തുണച്ചത്. യാഷർ, ബിയാച്ചദ്, ഡെമോക്രാറ്റ്സ്, ഇസ്രായേൽ ബൈയ്തേനു എന്നീ പാർട്ടികൾ ഉൾപ്പെടുന്നതാണ് നിലവിലെ പ്രധാന പ്രതിപക്ഷ ചേരി.

സർവ്വേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവായ യായർ ഗോലൻ അറബ് പാർട്ടി നേതാക്കളുമായി പ്രാഥമിക കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഗോലൻ അറബ് പാർട്ടി സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഐസൻകോട്ട്, നഫ്താലി ബെന്നറ്റ്, ലിബർമാൻ തുടങ്ങിയ സഖ്യകക്ഷി നേതാക്കൾക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഭൂരിപക്ഷം തികയ്ക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലും പുതിയ സർവ്വേ ഫലങ്ങളുടെ വെളിച്ചത്തിലും ഈ നേതാക്കൾ നിലപാടിൽ മാറ്റം വരുത്തുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.