...
Home News Kerala ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

മുൻപ് പി.ടി. തോമസിന്റെ പിൻ​ഗാമിയായി ഡി.സി.സി. പ്രസിഡന്റായ റോയ് കെ. പൗലോസ്, പിന്നീട് സ്വന്തമായി ഒരു പക്ഷം രൂപീകരിക്കുകയും പിടിക്കെതിരെ തിരിയുകയും ചെയ്തതോടെയാണ് ഇടുക്കി കോൺ​ഗ്രസിൽ അസ്വസ്ഥതകൾ രൂപപ്പെട്ടുതുടങ്ങിയത്.

288

| വാമിക

ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന ‘എ’ ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. പി.ടി. തോമസ് ജീവിച്ചിരുന്ന കാലത്ത് ഒന്നിച്ചുനിന്നിരുന്ന നേതാക്കൾ അദ്ദേഹത്തിന്റെ മരണശേഷം പല തട്ടുകളിലായതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പി.ടി. തോമസിന്റെയും ഉമ്മൻചാണ്ടിയുടെയും അസാന്നിധ്യം ഗ്രൂപ്പുകളെ നാഥനില്ലാത്ത അവസ്ഥയിലാക്കിയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്. മുൻപ് പി.ടി. തോമസിന്റെ പിൻ​ഗാമിയായി ഡി.സി.സി. പ്രസിഡന്റായ റോയ് കെ. പൗലോസ്, പിന്നീട് സ്വന്തമായി ഒരു പക്ഷം രൂപീകരിക്കുകയും പിടിക്കെതിരെ തിരിയുകയും ചെയ്തതോടെയാണ് ഇടുക്കി കോൺ​ഗ്രസിൽ അസ്വസ്ഥതകൾ രൂപപ്പെട്ടുതുടങ്ങിയത്. കസ്തൂരിരംഗൻ വിഷയത്തെത്തുടർന്ന് ഈ ഭിന്നത പരസ്യമായി. നിലവിൽ റോയ് കെ. പൗലോസ് കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് ജില്ലയിലെ പഴയ ‘എ’ ഗ്രൂപ്പ് അനുയായികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പീരുമേട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് പ്രധാനമായും തർക്കം ഉടലെടുത്തത്. പീരുമേട് സീറ്റിനായി എം.പി.യുടെ പിന്തുണയുള്ള സിറിയക് തോമസും റോയ് കെ. പൗലോസും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. പഴയ കെ.കെ. തോമസിന്റെ മകൻ എന്ന പരിഗണനയും തോട്ടം തൊഴിലാളി യൂണിയനുകളിലെ സ്വാധീനവും സിറിയക് തോമസിന് അനുകൂലഘടകങ്ങളായി. എന്നാൽ, പീരുമേട് ലഭിക്കാത്ത സാഹചര്യത്തിൽ ഇടുക്കി സീറ്റിനായി റോയ് കെ. പൗലോസ് സമ്മർദ്ദം ശക്തമാക്കുകയായിരുന്നു.

ഇടുക്കി സീറ്റിൽ ജോയ് വെട്ടിക്കുഴിയെ മത്സരിപ്പിക്കാൻ ആദ്യം തീരുമാനങ്ങൾ വന്നഘട്ടത്തിൽ ചില കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പാർട്ടി ചെയർമാൻ പിജെ ജോസഫിന് ജോയ് വെട്ടിക്കുഴി മത്സരിക്കുന്നതിനോടായിരുന്നു താത്പര്യം. എന്നാൽ ചില യുവനേതാക്കൾ ഇതിനെതിരെ രംഗത്തുവന്നു. ജോയ് വെട്ടിക്കുഴിയെ സ്ഥാനാർത്ഥിയാക്കുന്നതിലെ അതൃപ്തി ഇവർ പി.ജെ. ജോസഫിനെ നേരിട്ടുകണ്ട് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഇടുക്കിയിൽ അനിശ്ചിതത്വം ഉടലെടുക്കുകയും റോയ് കെ. പൗലോസിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുകയും ചെയ്തു.

സമുദായ താത്പര്യങ്ങളും ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിക്കുന്നുണ്ട്. യാക്കോബായ സമുദായത്തിന് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി സമുദായ നേതാക്കൾ നേരിട്ട് ഇടപെട്ടതായി പറയപ്പെടുന്നു. പുത്തൻകുരിശിലെ ബാവ ഹൈക്കമാൻഡിനെ നേരിട്ട് വിളിച്ച് സമുദായ പ്രാതിനിധ്യം ആവശ്യപ്പെട്ടതും റോയ് കെ പൗലോസിന് അനുകൂലമായി.

മതമേലധ്യക്ഷന്മാരുടെ നിലപാടുകളും ജില്ലയിൽ നിർണ്ണായകമാണ്. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾക്ക് ബിജോ മാണിയോട് താല്പര്യമില്ലെന്ന വിവരം അവർ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് വിവരം. ബിജോ മാണിയെ സ്ഥാനാർത്ഥിയാക്കിയാൽ തങ്ങൾ പരസ്യമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് രൂപതകൾ മുന്നറിയിപ്പ് നൽകിയതോടെ ബിജോ മാണിയെ പരി​ഗണിക്കുന്നത് കോൺ​ഗ്രസ് ഒഴിവാക്കി.

പി.ടി. തോമസിന്റെ അനുയായികൾ റോയ് കെ. പൗലോസിനോട് പുലർത്തുന്ന വിരോധം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാനും സാധ്യതയുണ്ട്. പി.ടി. തോമസിനെതിരെ മുൻപ് പ്രവർത്തിച്ച വ്യക്തി എന്ന വികാരം ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റോയ് കെ. പൗലോസിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. ജോയ് വെട്ടിക്കുഴിക്ക് ലഭിക്കുമായിരുന്ന ജനപിന്തുണ റോയിക്ക് ലഭിക്കില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ വാദിക്കുന്നു.

യുവാക്കൾക്കിടയിലെ ഭിന്നതയും പാർട്ടിയെ അലട്ടുന്നുണ്ട്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു. ഭാരവാഹിത്വങ്ങളെ ചൊല്ലി പി.ടി. ഗ്രൂപ്പും റോയ് ഗ്രൂപ്പും തമ്മിൽ മുൻപ് ധാരണകളുണ്ടായിരുന്നു. എന്നാൽ ഈ അലിഖിത ധാരണകൾ പലപ്പോഴും ലംഘിക്കപ്പെട്ടത് വലിയ തർക്കങ്ങൾക്ക് കാരണമായി. യുവനേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോര് പാർട്ടിയുടെ അടിത്തറയെ ബാധിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ എ ഗ്രൂപ്പിന്റെ ശക്തിക്ഷയം ഐ ഗ്രൂപ്പിനും കെ.സി. വേണുഗോപാൽ പക്ഷത്തിനും ഗുണകരമാകുന്നുണ്ട്. മുൻപ് ഐ ഗ്രൂപ്പിന്റെ കോട്ടയായിരുന്ന പല മണ്ഡലങ്ങളും ഇപ്പോൾ വിവിധ ഗ്രൂപ്പുകൾക്കിടയിൽ വീതം വെക്കപ്പെട്ടിരിക്കുകയാണ്. ഉടുമ്പൻചോലയിൽ സേനാപതി വേണുവിനെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത് രാഹുൽ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. 2016ലും ഇത്തരത്തിലാണ് സേനാപതി വേണു ഉടുമ്പൻചോലയിൽ സ്ഥാനാർഥിയായത്. ഇത്തരം ബാഹ്യ ഇടപെടലുകൾ പ്രാദേശിക നേതാക്കൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന് ഉറപ്പായ രണ്ട് സീറ്റുകൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പീരുമേട്ടിലും ഇടുക്കിയിലും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. യൂണിയനുകളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ പീരുമേട്ടിൽ വിജയം പ്രയാസകരമാകും. അതുപോലെ ഇടുക്കിയിലെ ക്രൈസ്തവ വോട്ടുകളിൽ ഉണ്ടായേക്കാവുന്ന ചോർച്ചയും ആശങ്കയുണ്ടാക്കുന്നു.

മറ്റു മണ്ഡലങ്ങളിലെ സ്ഥിതിയും അത്ര ശുഭകരമല്ല. ദേവികുളത്ത് എ.കെ. മണിയുടെ താല്പര്യപ്രകാരമുള്ള സ്ഥാനാർത്ഥി വന്നാൽ മാത്രമേ വിജയിക്കാൻ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്. എസ്. രാജേന്ദ്രന്റെ സാന്നിധ്യവും വോട്ട് ചോർച്ചയുണ്ടാക്കുമോ എന്ന് കണ്ടറിയണം. ഉടുമ്പൻചോലയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ ഇറക്കിയാൽ പരാജയം ഉറപ്പാണെന്ന് മുൻകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഉമ്മൻചാണ്ടിയും പി.ടി. തോമസും ഇല്ലാത്ത ശൂന്യത നികത്താൻ നിലവിലെ നേതാക്കൾക്ക് കഴിയാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. കൈയിലിരിക്കുന്ന സീറ്റുകൾ കളയാനുള്ള തീരുമാനമാണ് കോൺഗ്രസ് എടുക്കുന്നതെങ്കിൽ ഒന്നും പറയാനില്ലെന്ന നിരാശയിലാണ് ഒരു വിഭാഗം നേതാക്കൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.