...
Home News ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പ് 2025; അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പ് 2025; അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റൊണാള്‍ഡോയുടെ വരവ് ടൂര്‍ണമെന്റിന് വലിയ ഉത്തേജനമാണെന്നും ഇ-സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായിരിക്കുമെന്നും ഫൗണ്ടേഷന്‍ പറഞ്ഞു.

125

ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ ഈ വര്‍ഷത്തെ ആഗോള അംബാസഡറായി ലോക ഫുട്ബോള്‍ താരവും അല്‍ നസ്ര്‍ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തതായി ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്‍ അറിയിച്ചു. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് നടക്കുക.

റൊണാള്‍ഡോയുടെ വരവ് ടൂര്‍ണമെന്റിന് വലിയ ഉത്തേജനമാണെന്നും ഇ-സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായിരിക്കുമെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. ‘മുകളിലേക്ക് ഉയരുക’ശീര്‍ഷകത്തിലാണ് മത്സരം നടക്കുക. ഔദ്യോഗിക അംബാസഡര്‍ എന്ന നിലയില്‍ റൊണാള്‍ഡോ ടൂര്‍ണമെന്റിന്റെ ആഗോള മാധ്യമ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും റിയാദിലെ ബൊളിവാഡ് സിറ്റിയില്‍ നടക്കുന്ന നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.

ഈ മത്സരത്തിലെ 25 പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നായ ഫാറ്റല്‍ ഫ്യൂറി, സിറ്റി ഓഫ് ദി വോള്‍വ്‌സ് എന്ന ഗെയിമില്‍ അദ്ദേഹം ഒരു വെര്‍ച്വല്‍ കഥാപാത്രമായും പ്രത്യക്ഷപ്പെടുമെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി. റൊണാള്‍ഡോ പ്രഫഷനല്‍ മാനസികാവസ്ഥയും മത്സര മനോഭാവവും ഉള്‍ക്കൊള്ളുന്നു എന്ന് ഫൗണ്ടേഷന്‍ സി.ഇ.ഒ റാല്‍ഫ് റീച്ചെര്‍ട്ട് പറഞ്ഞു.

അദ്ദേഹത്തിന്റെ സാന്നിധ്യം പരമ്പരാഗത കായിക ഇനങ്ങളെ ഇ-സ്‌പോര്‍ട്‌സ് ലോകവുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ലോകമെമ്പാടുമുള്ള പുതിയ തലമുറ ഗെയിമര്‍മാരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.