മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാക് പൗരനായ തീവ്രവാദി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഉയർന്ന ഉയരത്തിലുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദി വധിക്കപ്പെട്ടത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് പ്രദേശത്ത് ഓപ്പറേഷൻ നടപ്പിലാക്കുന്നത്. ഒളിവിലിരിക്കുന്ന രണ്ടാമത്തെ തീവ്രവാദിക്കായി തെരച്ചിൽ ശക്തമായി തുടരുകയാണ്.
പൂഞ്ചിലെ അഷ്ദർ ഗാലിയിൽ നിന്ന് ബുദ്ഗാമിലെ യൂസ്മാർഗ് വഴി പുൽവാമയിലെ പഖേർപോറയിലേക്ക് നീങ്ങാൻ ശ്രമിച്ച ഭീകര സംഘത്തെ നിരീക്ഷിച്ച ശേഷമാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. പീർ പഞ്ചൽ മലനിരകളിലെ ഉയർന്ന ആൽപൈൻ പാതയിലൂടെയുള്ള സംഘത്തിന്റെ നീക്കം സുരക്ഷാ സേന കൃത്യമായി നിരീക്ഷിച്ചിരുന്നു.
തുടർന്ന് സെപ്റ്റംബർ ഒന്നിന് പ്രദേശത്ത് വലയമൊരുക്കുകയും, സെപ്റ്റംബർ മൂന്നിന് പരുക്കൻ ഭൂപ്രകൃതിയുള്ള വിദൂര മലനിരയായ അഷ്ദർ ഗാലിയിൽ വെച്ച് ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. ദൂത്പത്രി പ്രദേശത്ത് നിന്നും ഏകദേശം പത്ത് മണിക്കൂറിലധികം കാൽനടയായി മാത്രം എത്തിച്ചേരാൻ കഴിയുന്ന അതീവ ഒറ്റപ്പെട്ട പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


