...
Home News National വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹത; ചാരിറ്റിയല്ല, അവകാശമെന്ന് സുപ്രീം കോടതി

വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹത; ചാരിറ്റിയല്ല, അവകാശമെന്ന് സുപ്രീം കോടതി

ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാ‌ർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’- വിധി പ്രസ്താവത്തിന് പിന്നാലെ ജസ്റ്റിസ് നാഗരത്ന

251

ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവിനെതിരെ ഹർജി ഫയൽ ചെയ്യാൻ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം മുസ്ലിം സ്ത്രീക്ക് ഇതിന് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവാഹ മോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദേശത്തിനെതിരെ ഒരു മുസ്ലിം യുവാവ് നൽകിയ ഹർജിയിലാണ് കോടതിവിധി.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ നിയമം, സിആർപിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനിൽക്കില്ലെന്ന് യുവാവിൻ്റെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. വിവാഹിതകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സിആർപിസിയിലെ 125-ാം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീൽ തള്ളുകയാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

‘ജീവനാംശം ചാരിറ്റിയല്ല, മറിച്ച് വിവാഹിതരായ എല്ലാ സ്ത്രീകളുടെയും അവകാശമാണ്. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് ഘടകങ്ങളിലും തങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ചില ഭർത്താക്കന്മാർ ഇപ്പോഴും ബോധവാന്മാരല്ല. ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാ‌ർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’- വിധി പ്രസ്താവത്തിന് പിന്നാലെ ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

സിആർപിസിയിലെ 125-ാം വകുപ്പ്, മുസ്ലിം സ്ത്രീകൾക്കും ബാധകമായ ഒരു മതേതര വ്യവസ്ഥയാണെന്ന് നേരത്തേ ഷാ ബാനോ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. തൻ്റെ മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി നിർദേശത്തെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്‌തത്. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രശ്‌നം ഉടലെടുത്തത്.

2017ൽ മുസ്ലിം വ്യക്തിനിയമ പ്രകാരം ദമ്പതികൾ വിവാഹമോചനം നേടിയിരുന്നു. ഇതേത്തുടർന്നാണ് ജീവനാശം നൽകുന്നത് ഹൈക്കോടതിയിൽ പരാതിക്കാരൻ ചോദ്യം ചെയ്‌തത്. തുടർന്ന് ജീവനാംശ തുക പ്രതിമാസം 10,000 രൂപയാക്കി മാറ്റുകയും ആറുമാസത്തിനകം കേസ് തീർപ്പാക്കാൻ കുടുംബ കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.