...
Home News Kerala വീണ്ടും പ്രതിരോധത്തിലാവുന്ന ഇപി ജയരാജൻ

വീണ്ടും പ്രതിരോധത്തിലാവുന്ന ഇപി ജയരാജൻ

ഇപി ജയരാജനൊപ്പം ഒപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയെയും മുഖ്യമന്ത്രി തള്ളിപറഞ്ഞിരുന്നു . കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ദിവ്യക്ക് തെറ്റുപറ്റി.

242

സംസ്ഥാനത്തെ എൽഡിഎഫ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററായിരുന്നു . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ശരിവച്ചതോടെ തിരിച്ചടി കിട്ടുന്നത് ഇപിക്കാണ് . എംവി ഗോവിന്ദൻ മാസ്റ്ററെ പ്രതിരോധിച്ചുകൊണ്ടിരുന്ന ജയരാജന് കടുത്ത തിരിച്ചടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇ.പി.ജയരാജന് തെറ്റുപറ്റിയതായും ഇപിയുടെ പ്രസ്താവനകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എന്നുമാണ് മുഖ്യമന്ത്രി കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പറഞ്ഞത്. വിഷയത്തിൽ പാ​ര്‍​ട്ടി തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഇപി ജയരാജനൊപ്പം ഒപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയെയും മുഖ്യമന്ത്രി തള്ളിപറഞ്ഞിരുന്നു . കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ദിവ്യക്ക് തെറ്റുപറ്റി. ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല. വിളിക്കാത്ത പരിപാടിക്ക് പോയി. കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇത് ശരിയായ നടപടിയായിരുന്നില്ല. ദിവ്യക്ക് എതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചു. അതെല്ലാം ശരിവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി പറഞ്ഞു.

താന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചോ എന്ന് ഗോവിന്ദന്‍ പറയട്ടെ എന്നാണ് ഇപി പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗമായ തനിക്ക് എതിരെ കേന്ദ്രകമ്മറ്റി എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയര്‍ ആയ ഗോവിന്ദൻ മാസ്റ്ററെ സിപിഎം പിബി അംഗമായി ഉയര്‍ത്തിയതില്‍ ഇപി ഏറെക്കാലമായി കടുത്ത പ്രതിഷേധത്തിലാണ്. ഇത് ഇപിയുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ഇപി സ്ഥിരീകരിച്ചത് സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.

ഇതിലും പാര്‍ട്ടിക്കുള്ളില്‍ കനത്ത അമര്‍ഷമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി സിപിഎമ്മിനേറ്റ കനത്ത പരാജയം പോലും ജയരാജന്റെ പ്രസ്താവനയുമായി കൂട്ടിവായിക്കപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പാര്‍ട്ടി നീക്കം ചെയ്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.