...
Home News International എപ്‌സ്റ്റീൻ വിവാദം: ‘വലിയ തെറ്റായിപ്പോയി’, റഷ്യൻ യുവതികളുമായുള്ള ബന്ധം സമ്മതിച്ച് ബിൽ ഗേറ്റ്സ് മാപ്പുപറഞ്ഞു

എപ്‌സ്റ്റീൻ വിവാദം: ‘വലിയ തെറ്റായിപ്പോയി’, റഷ്യൻ യുവതികളുമായുള്ള ബന്ധം സമ്മതിച്ച് ബിൽ ഗേറ്റ്സ് മാപ്പുപറഞ്ഞു

291

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ പരസ്യമായി മാപ്പുപറഞ്ഞു. തന്റെ സ്ഥാപനമായ ഗേറ്റ്സ് ഫൗണ്ടേഷനിലെ ജീവനക്കാരോടാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. എപ്‌സ്റ്റീനുമായുള്ള ബന്ധം ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് മേൽ നിഴൽവീഴ്ത്തിയ സാഹചര്യത്തിലാണ് ഈ നടപടിയെന്നും, എപ്‌സ്റ്റീനൊപ്പം സമയം ചെലവഴിച്ചത് ജീവിതത്തിലെ വലിയൊരു തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചു.

രണ്ട് റഷ്യൻ യുവതികളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്സ് വെളിപ്പെടുത്തിയതായി ‘ദ വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ടുചെയ്തു. എന്നാൽ, എപ്‌സ്റ്റീൻ ഇരകളാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ കാരണം മറ്റുള്ളവർ ഈ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011-ലാണ് ബിൽ ഗേറ്റ്സ് ആദ്യമായി എപ്‌സ്റ്റീനെ പരിചയപ്പെടുന്നത്. ആ സമയത്ത് തന്റെ ഭാര്യയായിരുന്ന മെലിൻഡ എപ്‌സ്റ്റീനെക്കുറിച്ച് സംശയാലുവായിരുന്നുവെന്ന് ഗേറ്റ്സ് വെളിപ്പെടുത്തി. യു.എസ്. സർക്കാർ പുറത്തുവിട്ട എപ്‌സ്റ്റീൻ രേഖകളിൽ യുവതികൾക്കൊപ്പം നിൽക്കുന്ന ബിൽ ഗേറ്റ്സിന്റെ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവയെല്ലാം എപ്‌സ്റ്റീന്റെ നിർദ്ദേശപ്രകാരം എടുത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുള്ള കുപ്രസിദ്ധമായ സ്വകാര്യ ദ്വീപ് താൻ ഒരിക്കലും സന്ദർശിച്ചിട്ടില്ലെന്ന് ഗേറ്റ്സ് തറപ്പിച്ചു പറഞ്ഞു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിയിൽ നിന്ന് അദ്ദേഹം അവസാന നിമിഷം പിന്മാറിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.