...
Home News International ‘എപ്സ്റ്റീൻ വിവാദം പുകയുന്നു’; എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല

‘എപ്സ്റ്റീൻ വിവാദം പുകയുന്നു’; എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല

എപ്സ്റ്റീനുമായി ഗേറ്റ്‌സിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകൾ കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു

227

ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’-ൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല. ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഗേറ്റ്‌സ് ഫൗണ്ടേഷൻ പിന്നീട് ഈ തീരുമാനം തിരുത്തുകയായിരുന്നു.

ശ്രദ്ധാപൂർവ്വമായ വിലയിരുത്തലിന് ശേഷമാണ് ഉച്ചകോടിയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. ഗേറ്റ്‌സിന് പകരം ഫൗണ്ടേഷൻ്റെ ആഫ്രിക്ക- ഇന്ത്യ ഓഫീസുകളുടെ ചുമതല വഹിക്കുന്ന അങ്കുർ വോറ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്ന ‘എപ്സ്റ്റീൻ ഫയലുകളു’മായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിൽ ഗേറ്റ്‌സിൻ്റെ പേരും ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പിൻവാങ്ങൽ എന്നത് ശ്രദ്ധേയമാണ്. ലൈംഗിക അതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായി ഗേറ്റ്‌സിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകൾ കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു.

റഷ്യൻ യുവതികളുമായുള്ള ബന്ധം മുതൽ വിവാഹിതരായ സ്ത്രീകളുമായുള്ള രഹസ്യ കൂടിക്കാഴ്‌ചകൾക്ക് വരെ എപ്സ്റ്റീൻ സൗകര്യമൊരുക്കി നൽകിയിരുന്നുവെന്ന ആരോപണമാണ് ഗേറ്റ്‌സിനെ പ്രതിക്കൂട്ടിലാക്കുന്നത്.

എന്നാൽ ഈ ആരോപണങ്ങൾ ബിൽ ഗേറ്റ്‌സ് പൂർണമായും നിഷേധിച്ചിട്ടുണ്ട്. എപ്സ്റ്റീനെ പലതവണ കണ്ടിട്ടുണ്ടെന്നത് സത്യമാണെങ്കിലും അദ്ദേഹത്തിൻ്റെ വിവാദമായ കരീബിയൻ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും വഴിവിട്ട ബന്ധങ്ങൾ പുലർത്തിയിട്ടില്ലെന്നുമാണ് ഗേറ്റ്‌സിൻ്റെ വിശദീകരണം. തനിക്കെതിരെ പ്രചരിക്കുന്ന ഇ-മെയിലുകൾ വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എഐ ഉച്ചകോടി പോലെ ആഗോള ശ്രദ്ധയാകർഷിക്കുന്ന ഒരു വേദിക്കരികെ ഇത്തരം വ്യക്തിപരമായ വിവാദങ്ങൾ ചർച്ചയാകുന്നത് ഒഴിവാക്കാനാണ് ബിൽ ഗേറ്റ്‌സ് അവസാന നിമിഷം പിൻമാറിയതെന്നാണ് സൂചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.