...
Home News National തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും മൗന വാത്മീകത്തിൽ നിതീഷ്; ആശങ്കയിൽ ബിജെപി

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും മൗന വാത്മീകത്തിൽ നിതീഷ്; ആശങ്കയിൽ ബിജെപി

മുൻപ് സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും കൂടെക്കൂട്ടി സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളുന്നില്ല.

209

ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിൻറെയും ആന്ധയിലെ ടി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിൻറേയും ദേശീയ രാഷ്ട്രീയ നിലപാടുകൾ നിർണായകം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിൻറെ മൗനത്തിൽ ബിജെപിക്ക് കാര്യമായ ആശങ്കയുണ്ട്.

തന്റെ പാർട്ടി സ്വന്തമാക്കിയ വലിയ വിജയത്തിൻറെ സാഹചര്യത്തിൽ കിങ് മേക്കർ ചന്ദ്രബാബു നായിഡുവും നിർണായക ഉപാധികൾ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സർക്കാർ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. പലവട്ടം നിഷേധിക്കപ്പെട്ട ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിൻറെ നീക്കം.

ഇതോടൊപ്പം കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് ലഭ്യമാകുന്ന റിപ്പോർട്ട്. എൻഡിഎ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു ഇന്ന് 11 മണിക്ക് ഡൽഹിയിലേക്ക് പോകും.ഈ യോഗത്തിൽ പവൻ കല്യാണും പങ്കെടുക്കും.

നിലവിലെ മോഡി മന്ത്രിസഭയുടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11.30 ന് ചേരുമെന്നാണ് റിപ്പോർട്ട്. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകും. എൻഡിഎ യോഗത്തിന് ശേഷം പുതിയ സർക്കാരിനുള്ള അവകാശവാദം ഉന്നയിക്കും. അതേസമയം നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യസഖ്യത്തെ നയിക്കുന്ന കോൺഗ്രസും ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

മുൻപ് സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും കൂടെക്കൂട്ടി സർക്കാരുണ്ടാക്കാനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളുന്നില്ല. സാഹചര്യം പോലെ മുന്നണികൾ മാറാൻ യാതൊരുമടിയും കാണിക്കാത്ത നിതീഷിന്റെ ചരിത്രം ബിജെപിയിലും ആശങ്കയുണർത്തുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.