...
Home News National കോൺഗ്രസ് ചരിത്രത്തോട് കാണിച്ചില്ലെങ്കിലും നെഹ്‌റുവിനോടെങ്കിലും നീതി പുലർത്തേണ്ടതുണ്ട്

കോൺഗ്രസ് ചരിത്രത്തോട് കാണിച്ചില്ലെങ്കിലും നെഹ്‌റുവിനോടെങ്കിലും നീതി പുലർത്തേണ്ടതുണ്ട്

രാമക്ഷേത്ര നിർമാണത്തിന്റെ ഉദ്ദേശ്യം മതപരമോ, ആധ്യാത്മികമോ ആയ ഒന്നല്ല എന്നാണ് ആദ്യം കോൺഗ്രസിന്റെ ദേശീയ നേതൃത്വം തിരിച്ചറിയേണ്ടത്.

309

| ഹരിമോഹൻ

1949 ഡിസംബർ 22-നും 23-നുമാണ് ബാബ്റി മസ്ജിദിൽ രണ്ടു വിഗ്രഹങ്ങൾ കണ്ടെത്തുന്നത്, രാമന്റെയും സീതയുടെയും. 22-നു രാത്രി 11 മണിക്കാണ് അവ പള്ളിയിലെത്തിച്ചതെന്നു പിന്നീട് പൊലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. വിഗ്രഹം കണ്ടെത്തിയ സംഭവത്തിൽ ജവഹർലാൽ നെഹ്‌റു മൂന്നു കത്തുകളാണ് എഴുതിയത്. അതിലൊന്നിൽ പറയുന്നത് ഇങ്ങനെയാണ്-
“1538-ൽ ഇന്ത്യയിലെത്തിയ ബാബർ സ്ഥാപിച്ച പള്ളിയുടെ പേരിൽ 400 വർഷങ്ങൾക്കു ശേഷമുള്ള അവകാശവാദം അംഗീകരിക്കുന്നതു ചരിത്രനിഷേധമാണ്. ചരിത്രത്തിൽ ഇങ്ങനെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഐതിഹ്യങ്ങളുടെ പേരിലുള്ള കടന്നാക്രമണം പുതിയ കാലത്ത് അംഗീകരിക്കാൻ കഴിയില്ല.”

അവിടം കൊണ്ടും അവസാനിച്ചില്ല. കണ്ടെത്തിയ വിഗ്രഹങ്ങൾ സരയൂ നദിയിൽ എറിയണമെന്ന് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ജെ.ബി പന്തിനോട് നെഹ്‌റു ഫോണിൽ ആവശ്യപ്പെട്ടു. പന്ത് ഇക്കാര്യം ചീഫ് സെക്രട്ടറിയെയും അദ്ദേഹം അത് ജില്ലാ മജിസ്ട്രേറ്റ് കെ.കെ നായരെയും ഏൽപ്പിച്ചു. ജനക്കൂട്ടം അക്രമാസക്തമാകും എന്നു പറഞ്ഞ് നായർ അതു ചെയ്തില്ല. ചരിത്രനിഷേധത്തിനായി വ്യാജമായി സൃഷ്‌ടിച്ച വിഗ്രഹങ്ങൾ സരയൂ നദിയിൽ എറിയണമെന്നു പറഞ്ഞ നെഹ്‌റുവിന്റെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ കോൺഗ്രസ് നേതൃത്വം. ചരിത്രത്തോടു കാണിച്ചില്ലെങ്കിലും നെഹ്‌റുവിനോടെങ്കിലും നീതി പുലർത്തേണ്ടതുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്കരിക്കാൻ മറ്റ് പാർട്ടികൾ തീരുമാനിക്കുമ്പോൾ കോൺഗ്രസ് ഔദ്യോഗിക നിലപാടു പ്രഖ്യാപിക്കാൻ വൈകുന്നു. ആകെ നിലപാടു പറഞ്ഞത് ദിഗ്വിജയ് സിംഗ് മാത്രമാണ്. അതാവട്ടെ, സോണിയാ ഗാന്ധിയോ അവരുടെ പ്രതിനിധിയോ പങ്കെടുക്കുമെന്ന്. ദിഗ്വിജയ് സിംഗ് പറഞ്ഞതു നടന്നാൽ, കോൺഗ്രസ്‌ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആത്മഹത്യാപരമായ തീരുമാനങ്ങളിലൊന്നാവും സ്വീകരിക്കുക.

കോൺഗ്രസിനുമേൽ ആരോപിക്കപ്പെട്ട മൃദു ഹിന്ദുത്വം അരക്കിട്ടുറപ്പിക്കുന്നതാവും ആ തീരുമാനം. ഹിന്ദി ഹൃദയഭൂമിയിലെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് അതൊരു ആശ്വാസമായിരിക്കും. പക്ഷേ, ഈ സംഘപരിവാർ കാലത്തും കോൺഗ്രസിനെ ഹൃദയത്തിലേറ്റിപ്പോവുന്ന കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതുണ്ടാക്കുന്ന പ്രതിഫലനം ചെറുതായിരിക്കില്ല. ഒപ്പം, കോൺഗ്രസിൽ ഇപ്പോഴും വിശ്വാസമർപ്പിച്ചു ജീവിക്കുന്ന മതേതര വിശ്വാസികൾക്കു താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും അത്.

രാമക്ഷേത്ര നിർമാണത്തിന്റെ ഉദ്ദേശ്യം മതപരമോ, ആധ്യാത്മികമോ ആയ ഒന്നല്ല എന്നാണ് ആദ്യം കോൺഗ്രസിന്റെ ദേശീയ നേതൃത്വം തിരിച്ചറിയേണ്ടത്. വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലും മാത്രം വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഇവിടെ രാമക്ഷേത്രത്തിന്റെ സംരക്ഷകരായി സ്വയം അവരോധിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തിനായി, ഹിന്ദുത്വത്തിന്റെ ഹൃദയം കീഴടക്കാനായി ആ പ്രത്യയശാസ്ത്രം എൽ.കെ അദ്വാനിയെന്ന രാഷ്ട്രീയ നേതാവിൽക്കൂടി സാധ്യമാക്കിയ ഒന്നാണ് അയോധ്യയിലെ രാമക്ഷേത്രം.

അതിനുവേണ്ടി ഉത്തരേന്ത്യയിൽ ചിന്തിയ രക്തത്തിന് ഇന്നും കണക്കുകളിലില്ല. നുണയിൽ നിന്നും വെറുപ്പിൽ നിന്നും പടുത്തുയർത്തിയതു മാത്രമാണ് ആ കെട്ടിടം. അയോധ്യയിലെ കെട്ടുകാഴ്ചയിൽ വീണുപോകരുത്. നെഹ്‌റുവിന്റെ വാക്കുകൾ പോലെ, അതു ചരിത്ര നിഷേധമായിരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.