| ശ്രീകാന്ത് പികെ
അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ച അന്ന് മുതൽ മുഖ്യമന്ത്രിയാകുന്നത് വരെ വി.ഡി സതീശനെ തോളിൽ വച്ച് നടന്ന ചാനലാണ് മീഡിയ വൺ. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ സതീശൻ ഭരണത്തിലൂടെ നടത്തിയെടുക്കാം എന്ന തോന്നലിലാകണം, യുഡിഎഫിനെ വിജയിപ്പിച്ചത് തങ്ങളാണെന്ന പരസ്യ സമ്മതം മാത്രമല്ല, വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കാനായി ക്യാമ്പയിനിങ്ങും എന്തിന് ലോബിയിങ് പോലും ചെയ്തുവെന്ന് കോൺഗ്രസ് നേതാക്കൾ പോലും ആരോപിച്ച ചാനലാണ് മീഡിയ വൺ.
അങ്ങനെയുള്ള മീഡിയ വൺ പോലും ഇപ്പോൾ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് മാത്രം അബദ്ധമായായിരിക്കും സതീശൻ ഭരണം മുന്നോട്ട് പോകുന്നത്. വി.ഡി സതീശന്റെ ആർഎസ്‌എസ് പക്ഷപാദിത്വം യുഡിഎഫ് പ്രോക്സികൾക്ക് പോലും സഹിക്കാൻ പറ്റുന്നതിലും അപ്പുറമായി എന്നതാണ് മീഡിയ വണ്ണിനെ കൊണ്ട് പോലും ഇപ്പോൾ പരസ്യമായി ഇങ്ങനെ പറയിക്കുന്നതിന് പ്രധാന കാരണം. നിയമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്ത് പോസ്റ്റ് ചെയ്യുന്ന പലരും എങ്ങനെ ആർഎസ്‌എസ് – ബിജെപിക്കാരാകുന്നു എന്ന് ഇപ്പോൾ മീഡിയ വൺ ചോദിക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് തോന്നും.
തെരഞ്ഞെടുപ്പ് കാലത്ത് ഇടത് പക്ഷ പ്രവർത്തകർ സതീശന് ‘നുണേശൻ’ എന്നൊരു പേര് ചാർത്തി നൽകിയിരുന്നു. പത്ത് സെന്റൻസിന് ഒന്ന് വച്ച് പച്ചകള്ളം ഒരു ഭാവമാറ്റം പോലുമില്ലാതെ തള്ളി വിട്ടിരുന്ന സതീശനെ പക്ഷേ അന്ന് സംരക്ഷിച്ചു കൊണ്ട്, സതീശനെ നുണേശൻ എന്ന് വിശേഷിപ്പിച്ച ഇടത് മുന്നണി പ്രവർത്തകരെ നൈതികത പഠിപ്പിക്കാനിറങ്ങിയ അതേ മാദ്ധ്യമ പ്രവർത്തകർ ഇന്ന് ‘എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ കള്ളം പറയുന്നത്’ എന്നാണ് ചോദിക്കുന്നത്. ഇത്രയും കാലം ഇതേയാൾ പറഞ്ഞ് കൊണ്ടിരുന്ന പച്ചക്കളങ്ങൾ എങ്ങനെയെങ്കിലും ഇടത് മുന്നണിയെ താഴെയിറക്കാനുള്ള സിന്റിക്കേറ്റ് അജണ്ടക്കിടെ കാണാതെ പോയത് കൊണ്ടാണ് ഇപ്പോൾ ഈ മാദ്ധ്യമ കരച്ചിലിന് പ്രധാന കാരണം.
റ്റാറ്റ പോലൊരു കോർപ്പറേറ്റ് കമ്പനിയുടെ ഉദ്യോഗസ്ഥൻ ഒരു സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞ കള്ളം പരസ്യമായി തുറന്ന് കാട്ടുകയും പരിഹസിക്കുകയും ചെയ്തത് ദേശീയ തലത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ കേരളത്തെ ഒരു പരിഹാസ്യ വിഷയമാക്കി മാറ്റിയിട്ടുണ്ട്. എന്നിട്ടും താനങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ഒരുളുപ്പുമില്ലാതെ പറയാനും സതീശനൊരു മടി പോലും തോന്നിയില്ല.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ ഒരു പൊതുപരിപാടിക്കിടെ കണ്ടപ്പോൾ അലോഷ്യസ് അങ്ങോട്ട് മിണ്ടാൻ ശ്രമിച്ചിട്ടും മുഖം പോലും കൊടുക്കാതെ നടന്ന് പോകുന്ന വി. ഡി സതീശന്റെ ഒരു വീഡിയോ കണ്ടു.
‘മൂക്കാതെ പഴുത്ത പഴം’ എന്നൊക്കെ പറയുന്നത് പോലെ അർഹത ഇല്ലാത്ത സ്ഥാനത്തെത്തിയ ഒരാളുടെ എല്ലാ ചേഷ്ടകളും അതിൽ കാണാം. കെഎസ്‌യു സ്റ്റേറ്റ് ചീഫിന് ഇതിലും മര്യാദയുള്ള പെരുമാറ്റം രാഷ്ട്രീയ എതിരാളികളായ ഇടത് മുന്നണി നേതാക്കളിൽ നിന്ന് ലഭിക്കും.
കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ ഇരുന്ന് കൊണ്ട് നാട് മൊത്തം ഓടിനടന്ന് തന്നെ അസഭ്യം പറഞ്ഞിരുന്ന കെ. സുധാകരനെ വഴിയിൽ വച്ച് കണ്ടപ്പോൾ അങ്ങോട്ട് ചെന്ന് സംസാരിച്ച പിണറായി വിജയനെ കുറിച്ച് കെ. സുധാകരൻ ‘എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കാൻ അയാൾക്ക് ഉളുപ്പുണ്ടോ എന്നോ മറ്റോ അക്കാലത്ത് ചോദിച്ചിരുന്നു’. കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ ജീവിച്ചവർക്ക് അതൊരു അത്ഭുത സംഭവമായിരിക്കും.
ആർ. വി ബാബുവിന്റെയും കെ. പി ശശികലയുടേയും ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിച്ച വി.ഡി സതീശൻ മുഖം പോലും കൊടുക്കാൻ കൂട്ടാക്കാത്ത കെഎസ്‌യു സംസ്ഥാന അധ്യക്ഷനും കെപിസിസി സെക്രട്ടറിക്കുമൊക്കെ അധികം വൈകാതെ കേരളം ആരാണ് യഥാർത്ഥത്തിൽ ഭരിക്കുന്നത് എന്ന് മനസിലാകുമായിരിക്കും.


