...
Home News Kerala പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍ വിശദീകരണം തേടി

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍ വിശദീകരണം തേടി

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചു കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി

2

പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിശദീകരണം തേടി. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ ലോക്ഭവനിലേക്ക് വിളിപ്പിച്ചത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചു കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ചു മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും അദ്ദേഹം ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്‌സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.

രാഷ്ട്രീയ വിവാദത്തിന് സാധ്യത

പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍ പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി. ഉദ്യോഗസ്ഥരെ ഈ വിധത്തില്‍ ഗവര്‍ണര്‍ ലോക്ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുന്നത് വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.

ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയതില്‍ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും സമാനമായ നടപടി ആവര്‍ത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.