ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഉത്തർപ്രദേശ് സർക്കാരിൻ്റെ പുതിയ നീക്കം. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും അതിൻ്റെ ഉൽപാദന തീയതിയും കാലാവധിയും (എക്‌സ്‌പയറി ഡേറ്റ്) രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. ഉപഭോക്താക്കൾക്ക് പുതിയ മുട്ടകൾ തിരിച്ചറിയാനും പഴകിയ മുട്ടകൾ വിൽക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് പരിഷ്കാരം നടപ്പിലാക്കുന്നത്.
ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച നിർദേശപ്രകാരം, സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ എല്ലാ മുട്ടകളിലും തീയതി സ്റ്റാമ്പ് ചെയ്‌തിരിക്കണം. കോഴി മുട്ടയിട്ട തീയതി മുതൽ 28 ദിവസം വരെയാണ് അത് കഴിക്കാൻ അനുയോജ്യമായ കാലയളവായി കണക്കാക്കുന്നത്. 28 ദിവസത്തെ കാലാവധി കഴിഞ്ഞ മുട്ടകൾ വിൽക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.
മുട്ടകൾ ചില്ലറയായോ മൊത്തമായോ വിൽക്കുമ്പോൾ, അവ പാക്ക് ചെയ്‌ത കാർട്ടണുകളിൽ മാത്രം തീയതി രേഖപ്പെടുത്തിയാൽ പോരാ. പകരം, ഓരോ മുട്ടയുടെയും പുറംതോടിൽ തന്നെ ഈ വിവരങ്ങൾ വ്യക്തമായി പതിപ്പിച്ചിരിക്കണം. മുട്ടയുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
പ്രോട്ടീനിൻ്റെ പ്രധാന സ്രോതസായ മുട്ട ഇന്ത്യയിൽ വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നു ഉണ്ടെങ്കിലും, പലപ്പോഴും കടകളിൽ വിൽക്കുന്ന മുട്ടകൾ എത്ര ദിവസം പഴക്കമുള്ളതാണെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാറില്ല. സാധാരണയായി മുട്ടകൾ ട്രേകളിൽ തുറന്ന നിലയിലാണ് വിൽക്കുന്നത്. ഇതിലൂടെ പഴകിയ മുട്ടകൾ തിരിച്ചറിയാതെ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പുതിയ നിയമം വരുന്നതോടെ, വിൽപന കേന്ദ്രങ്ങളിൽ വച്ചുതന്നെ മുട്ടയുടെ ഫ്രഷ്‌നസ് പരിശോധിക്കാൻ സാധാരണക്കാർക്ക് സാധിക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധനകൾ എളുപ്പമാക്കാനും ഈ മാറ്റം സഹായിക്കും. വരും ദിവസങ്ങളിൽ പോൾട്രി ഫാമുകൾക്കും വിതരണക്കാർക്കും പുതിയ സംവിധാനവുമായി പൊരുത്തപ്പെടാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
മുട്ടകളിൽ ഇത്തരത്തിൽ വ്യക്തിഗതമായി തീയതി രേഖപ്പെടുത്തുന്നത് നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്‌ദരുടെ വിലയിരുത്തൽ.



