വിദേശയാത്ര ആഗ്രഹിക്കുന്നവർക്കായി പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേയുടെ വിനോദസഞ്ചാര വിഭാഗമായ ഐആർസിടിസി. വിയറ്റ്നാമിലെയും കംബോഡിയയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള 8 പകലും 7 രാത്രിയും നീളുന്ന പാക്കേജാണിത്. നവംബർ 17ന് ചെന്നൈയിൽ നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ 25ന് അവസാനിക്കും.
വിയറ്റ്നാമിലെ ഡാ നാങ്, ഹനോയ്, ഹാ ലോങ് ബേ എന്നിവിടങ്ങളാണ് യാത്രയിലെ പ്രധാന ആകർഷണങ്ങൾ. തുടർന്ന് കംബോഡിയയിലെ സീം റീപ്പും ലോകപ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയവും സന്ദർശിക്കും. ബയോൺ ക്ഷേത്രം, ടാ പ്രോം, പ്രാദേശിക വിപണികൾ, അപ്സര നൃത്തം, ടോൺലെ സാപ്പ് തടാകത്തിലെ ഫ്ലോട്ടിംഗ് ഗ്രാമങ്ങൾ എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.
‘കംഫർട്ട്’ വിഭാഗത്തിലുള്ള പാക്കേജിന് 2 ശതമാനം ടിസിഎസ് ഉൾപ്പെടെയാണ് നിരക്ക്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് ₹1,51,250, ഇരട്ട ഒക്യുപൻസിയിൽ ₹1,53,750, സിംഗിൾ ഒക്യുപൻസിയിൽ ₹1,75,200 എന്നിങ്ങനെയാണ് നിരക്ക്. കിടക്കയോടുകൂടിയ 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ₹1,31,500യും കിടക്കയില്ലാത്ത 2 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ₹1,15,600യുമാണ് നിരക്ക്.
അന്താരാഷ്ട്ര, ആഭ്യന്തര വിമാന ടിക്കറ്റുകൾ, താമസം, ഭക്ഷണം, എസി വാഹനങ്ങളിലെ യാത്ര, ഗൈഡ് സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടും. ചെന്നൈയിൽ നിന്ന് സിംഗപ്പൂർ വഴി ഡാ നാങ്ങിലേക്കും തുടർന്ന് ആഭ്യന്തര വിമാനങ്ങളിൽ ഹനോയ്, സീം റീപ്പ് എന്നിവിടങ്ങളിലേക്കുമാണ് യാത്ര. മടക്കയാത്ര സീം റീപ്പിൽ നിന്ന് സിംഗപ്പൂർ വഴി ചെന്നൈയിലേക്കായിരിക്കും.
പാക്കേജിന്റെ കൂടുതൽ വിവരങ്ങളും ബുക്കിങ്ങിനുള്ള വിശദാംശങ്ങളും ഐആർസിടിസി ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. വിമാന സമയങ്ങളിൽ മാറ്റമുണ്ടാകാമെന്നും ഐആർസിടിസി അറിയിച്ചു.


