...
Home News Kerala സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപിയിൽ പൊട്ടിത്തെറി

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപിയിൽ പൊട്ടിത്തെറി

നേതൃത്വം തന്നിഷ്‌ടം കാട്ടിയാൽ വിമത സ്ഥാനാർത്ഥികളെ നിർത്താനാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം

228

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാൻ പോകുകവേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപിയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് എംആർ ഗോപൻ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനാർത്ഥിത്വം നൽകിയ നടപടിയിൽ അമർഷം പുകയുന്നു.

ഇഷ്‌ടക്കാരെ സ്ഥാനാർത്ഥിയാക്കുന്ന നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർത്ഥികളെ നിർത്താനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ബിജെപിക്കുള്ളിൽ പ്രശ്‌നം തുടങ്ങിയിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന ചിലരെ സ്ഥാനാർത്ഥി ആക്കാനുള്ള നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും നേരത്തെ രംഗത്ത് എത്തിയിരുന്നു. നേമത്ത് മുൻ കൗൺസിലർ എംആർ ഗോപനെ സ്ഥാനാർത്ഥി ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബിജെപി ഏരിയ പ്രസിഡന്റ് എം ജയകുമാർ രാജി വെച്ചിരുന്നു.

കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ച ആളാണ് ഗോപൻ എന്ന് ജില്ലാ പ്രസിഡണ്ടിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി ആയിരുന്നു രാജി. പിന്നീട് നേതൃത്വം ഇടപെട്ട് രാജി പിൻവലിച്ചെങ്കിലും എംആർ ഗോപനെ നേമത്തു തന്നെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.

പ്രവർത്തകരുടെ അഭിപ്രായം അവഗണിച്ച് നേതൃത്വം തന്നിഷ്‌ടം കാട്ടിയാൽ വിമത സ്ഥാനാർത്ഥികളെ നിർത്താനാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം. പ്രവർത്തകർ വേണ്ടെന്ന് പറഞ്ഞ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ വിമതശല്യം ബിജെപിക്ക് തലവേദന ആകും.

വട്ടിയൂർക്കാവിലും തിരുവനന്തപുരം സെൻട്രലിലും വിമത നീക്കവുമായി പ്രാദേശിക നേതാക്കൾ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കൊടുങ്ങാനൂരിൽ വിവി രാജേഷിനെ ജയിപ്പിക്കുന്നതിന് കോൺഗ്രസുമായി രഹസ്യ ധാരണ ഉണ്ടാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

വാർത്തകൾക്ക് വാട്‌സ് ആപ് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.